സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജില്‍ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പുതുതായി നിര്‍മിക്കാന്‍ പോകുന്ന ഇലക്ട്രോണിക്‌സ് ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനം ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് 8.27 കോടി രൂപ വിനിയോഗിച്ചും ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബ്ലോക്ക് 6.10 കോടി രൂപ ചെലവഴിച്ചുമാണ് നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം 5.55 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബ്ലോക്ക് കെട്ടിടവും സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ അച്ചടി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നവയാണെന്ന് മന്ത്രി പറഞ്ഞു.

പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, ഷൊര്‍ണൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ആര്‍ ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം. രാമചന്ദ്രന്‍, ഷൊര്‍ണൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ലക്ഷ്മണന്‍, ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജ് പ്രിന്‍സിപ്പാള്‍ ആശാ ജി. നായര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.