അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ അപ്പോളോ കോളനിയിലെ 117 ഭവനങ്ങൾ പട്ടികജാതി വികസന വകുപ്പിന്റെ പ്രത്യേക ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. അപ്പോളോ കോളനിയുടെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ മനുഷ്യനും അർഹമായ അന്തസ്സുള്ള ജീവിതം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.
അപ്പോളോ കോളനിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 2.95 കോടിയുടെ പ്രത്യേക ഭവന നവീകരണ പാക്കേജ് അനുവദിച്ചത് . വീടുകളുടെ മുഖച്ഛായ മാറുന്നതോടെ അടിമത്തിൻ്റെ അടയാളമായ കോളനി എന്ന പദവും ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ പട്ടികജാതി സമൂഹത്തിൻ്റെ സമഗ്രവിവര ശേഖരണത്തിനുള്ള ഹോം സർവ്വേയുടെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അധ്യക്ഷനായി. കോളനിയിലെ ജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടനെ ബന്ധപ്പെട്ടവരുടെ യോഗങ്ങൾ ചേർന്ന് വിദഗ്‌ധ സമിതി രൂപീകരിച്ച് വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പരിഹാരത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
181 കുടുബങ്ങളിലായി 821 പേരാണ് അപ്പോളോ കോളനിയിൽ താമസിക്കുന്നത്. ജില്ലാ നിർമ്മിതികേന്ദ്രം, പട്ടികജാതി പട്ടികവികസന വകുപ്പിൻ്റെ സഹായത്തോടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 117 വീടുകൾ പുനരുദ്ധാരിക്കേണ്ടതുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2.95 കോടിയുടെ പ്രത്യേക ഭവന നവീകരണ പാക്കേജ് അനുവദിച്ചത്.
ഈ പദ്ധതിപ്രകാരം വീടൊന്നിന് പുനരുദ്ധാരണത്തിന് രണ്ട് ലക്ഷം രൂപ അനുവദിക്കും. ഈ നവീകരണത്തിന്റെ പരിധിയിൽ വരാത്തതും വാസയോഗ്യമല്ലാത്തതുമായ വീടുകൾ ഉണ്ടെങ്കിൽ അത് പട്ടികജാതി പട്ടികവികസന വകുപ്പിന്റെ സേഫ് പദ്ധതിയിലോ ലൈഫ് പദ്ധതിയിലോ ഉൾപ്പെടുത്തുന്നതും പരിഗണിക്കും.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ഹരിപ്രസാദ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എസ് , ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, പട്ടികജാതി പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണൻ തുടങ്ങിയവരും പങ്കെടുത്തു.