‘സംരഭകവർഷം 2.0’ത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ആരംഭിച്ചത് 9879 സംരംഭങ്ങൾ. 704.31 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ വ്യവസായ ഉന്നമന പദ്ധതി (പി.എം.എഫ്.എം.ഇ) യിൽ 262 സംരംഭങ്ങളും ജില്ലയിൽ ആരംഭിച്ചു. രണ്ട് പദ്ധതികളിലും നൂറ് ശതമാനം നേട്ടം കൈവരിച്ചതിന്റെ ആഘോഷം ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു.
സംരംഭകരെ സഹായിക്കുന്ന നയമാണ് സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. വിപണി അറിഞ്ഞ് ഗുണമേൻമയുള്ള ഉത്പന്നം നൽകിയാൽ സംരംഭകർക്ക് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകവർഷം 2.0 പദ്ധതിയിൽ 9800 സംരംഭങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും 79 എണ്ണം കൂടുതലായി ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.
1966 സംരംഭങ്ങൾ വനിതകളുടേതാണ്. 22653 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിച്ചത്. കാർഷികോത്പാദന, ഭക്ഷ്യസംസ്‌കരണ മേഖലയിലാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഗാർമെന്റ്സ്, എഞ്ചിനിയറിങ്, മരം അധിഷ്ടിത വ്യവസായം, കെട്ടിട നിർമാണ സാമഗ്രികൾ, ഐടി എന്നിവയും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ ദിനേശ് അധ്യക്ഷത വഹിച്ചു. മാനേജർമാരായ സി.കെ മുജീബ് റഹ്‌മാൻ, കെ പ്രശാന്ത്, എ അബ്ദുൽ ലത്തീഫ്, എം ശ്രീരാജ് എന്നിവർ സംസാരിച്ചു.