മുഖ്യമന്ത്രിയുമായി മുഖാമുഖം സംഘടിപ്പിച്ചു

രാജ്യത്ത് എല്ലാ രീതിയിലും മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി – ഇൻസാഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജീവന്റെയും സ്വത്തിന്റെയും കാര്യത്തിൽ ആശങ്ക വേണ്ടാതെ കഴിയാവുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഭയാശങ്കകളുണ്ടാക്കുന്ന വാർത്തകൾ നമുക്ക് മുന്നിലെത്തുന്നു. എന്നാൽ നമ്മുടെ സംസ്ഥാനം പ്രത്യേക തുരുത്തായി നിലനിൽക്കുന്നു. വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് വ്യത്യസ്ത വിശ്വാസങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാ വിഭാഗം ജനങ്ങൾക്കും വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാൻ കഴിയണം. ഈ സങ്കൽപ്പം പിൻതുടരുന്ന സമൂഹമാണ് കേരളമെന്ന് തലയുയർത്തി നിന്ന് പറയാൻ സാധിക്കും. വേർതിരിവുകളില്ലാതെ സാമൂഹിക സുരക്ഷിതത്വവും കേരളം ഉറപ്പാക്കുന്നു. മതനിരപേക്ഷ ജനാധിപത്യ  ബോധത്തോടെ വർഗീയ സംഘർഷങ്ങളില്ലാതെയാണ് സംസ്ഥാനം മാതൃകയാകുന്നത്. ഏറ്റവും മികച്ച ക്രമസമാധാനനില, സാമൂഹിക രംഗത്ത് ഭദ്രമായ സ്ഥിതി ഇവ കേരളത്തിന്റെ പ്രത്യേകതയാണ്. ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ അരക്ഷിതത്വ മനോഭാവം വളർന്നു വരുന്നുണ്ട്.

രാഷ്ട്രീയവും മതവും തമ്മിൽ അതിർ വരമ്പുകൾ മായുന്നത് ഗൗരവകരമാണ്. ലോകത്ത് എണ്ണത്തിൽ കുറവായ വംശങ്ങളും വിഭാഗങ്ങളും കടുത്ത വിവേചനം നേരിടുന്നുണ്ട്. പല രാജ്യങ്ങളിലും തദ്ദേശീയ ജനവിഭാഗങ്ങളടക്കം ഈ അനീതിക്കിരയാകുന്നു. പുരോഗതിയുടെ അർഹമായ വിഹിതം ന്യൂനപക്ഷങ്ങൾക്ക് ലഭിക്കാതെ പോകുന്ന സാഹചര്യം ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാനം ശ്രമങ്ങൾ നടത്തി വരുന്നു.

ജനാധിപത്യ സംവിധാനത്തിലെ പുതിയ ഏടായ നവകേരള സദസ്സ് വിജയകരമായി സംസ്ഥാനത്താകെ നടന്നു. പരിമിതമായ സമയത്തിനുള്ളിൽ എല്ലാ വിഷയങ്ങളും വന്നു. എന്നാൽ പത്ത് മേഖലകൾ പ്രത്യേകം തിരിച്ചറിഞ്ഞ് തുടർ ചർച്ചകൾ സംഘടിപ്പിച്ചു. എന്നാൽ അതിനോടൊപ്പം വിപുലമായി ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണ്ട സാഹചര്യമുണ്ട്. നവകേരള സൃഷ്ടി എന്ന ലക്ഷ്യം മുൻനിർത്തിയാണ് ചർച്ചകൾ നടക്കുന്നത്. ന്യൂനപക്ഷക്ഷേമം ഒരു വിഭാഗത്തിന്റെ പ്രശ്‌നമല്ല മറിച്ച് സമൂഹത്തിന്റെയാകെ പൊതുവായ പ്രശ്‌നമായാണ് സംസ്ഥാന സർക്കാർ കാണുന്നത്. കേരളത്തെ നൂതനത്വ വിജ്ഞാന സമ്പദ് ഘടനയായി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് കൂട്ടായ മുന്നേറ്റം ഉറപ്പു വരുത്തുക പ്രധാനമാണ്.

ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ട മേഖലകളായ ഉന്നതവിദ്യാഭ്യാസം, ഗവേഷണം, മികവിന്റെ കേന്ദ്രങ്ങൾ എന്നിവക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. ഗവേഷണ മേഖല, വിദ്യാഭ്യാസ മേഖല, വ്യാവസായിക മേഖല എന്നിവ പരസ്പരം ബന്ധപ്പെടണം. വ്യാവസായിക രംഗത്ത് പ്രത്യേക കഴിവുള്ളവരെ സൃഷ്ടിക്കാൻ കഴിയുന്ന കോഴ്‌സുകൾ വ്യാപകമായി ആരംഭിക്കണം. ഗവേഷണഫലങ്ങൾ സാമൂഹിക ഉത്തേജനം  നൽകേണ്ടതോടൊപ്പം ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും കൂട്ടാനും ഉപയോഗിക്കണം. ഉൽപ്പന്നങ്ങൾ നീതിയുക്തമായി വിതരണം ചെയ്യണം. സാമൂഹിക നീതി ഉൾപ്പെടുത്തി കാർഷിക നവീകരണവും  വ്യവസായ പുനസംഘടനയും നടപ്പിലാക്കണം. നവകേരള സൃഷ്ടിക്കായി  വിജ്ഞാന സമ്പദ് വ്യവസ്ഥക്കനുകൂലമായി സാമൂഹിക സുരക്ഷയും തുല്യ നീതിയും ഉറപ്പാക്കാൻ മുഖാമുഖത്തിലെ നിർദേശങ്ങളും അഭിപ്രായങ്ങളും സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, കെ.എൻ ബാലഗോപൻ, കെ. കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എമാരായ അഹമ്മദ് ദേവർ കോവിൽ, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ്, വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണി,  പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവർ സംബന്ധിച്ചു.