മതനിരപേക്ഷ സമൂഹമായി തുടരുന്നതിന് വർഗീയതക്കെതിരെ ഒരു വിട്ട് വീഴ്ചയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിനിധികളുടെ നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനങ്ങളും പിൻതുടർന്ന് വന്ന മതനിരപേക്ഷ മൂല്യങ്ങളെ പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുത്തതിന്റെ ഫലമാണ് കേരളം ഇന്നനുഭവിക്കുന്ന മതസൗഹാർദവും സാമൂഹിക സുരക്ഷിതത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ സംഘർഷങ്ങളില്ല എന്നതു കൊണ്ട് സമൂഹത്തിൽ വർഗീയ ശക്തികളില്ല എന്നർത്ഥമില്ല. അതിനാൽ ജാഗ്രത ആവശ്യമാണ്.

കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീർഥാടകരുടെ യാത്രക്കൂലി കുറക്കുന്നതിന് കേന്ദ്രസർക്കാരിനോടഭ്യർത്ഥിച്ചതിന്റെ നിലവിൽ 42000 രൂപ കുറച്ചത്. എന്നാൽ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലായതിനാൽ നിരക്ക് കുറക്കാൻ കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിക്കും. പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ടാതിരിക്കാൻ വേണ്ട നടപടിക്രമങ്ങൾ ഓരോ അധ്യയന വർഷത്തിലും സ്വീകരിച്ചു വരുന്നുണ്ട്. വിദ്യാർത്ഥികൾ കുറവുള്ള കോഴ്‌സുകൾ മറ്റ് വിദ്യാലയങ്ങൾക്ക് മാറ്റി നൽകുകയുണ്ടായി. ഇതിന് ശാശ്വത മായ പരിഹാരം വേണമെന്നതാണ് സർക്കാർ നിലപാട്. തൊഴിൽ നൈപുണ്യ കോഴ്‌സുകൾ വിവിധ മേഖലകളിൽ വ്യാപകമാക്കുന്നതിന് അസാപ്പ് അടക്കമുള്ള വിവിധ ഏജൻസികൾ നടപടികൾ സ്വീകരിച്ചു വരുന്നു.

അടുത്ത അക്കാദമിക വർഷം മുതൽ ഒരു ലക്ഷം ന്യൂനപക്ഷ വിഭാഗ വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ പ്രത്യേക തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിന് നോളജ് ഇക്കോണമി മിഷൻ നേതൃത്വം നൽകും. ജാതിസെൻസസ് നടത്തണമെന്നതാണ് സംസ്ഥാന സർക്കാർ നിലപാട്. ഇത് കേന്ദ്രസർക്കാർ അധീനതയിലുള്ള വിഷയമായതിനാൽ ആ തീരുമാനമായിരിക്കും അന്തിമം. അറബിക് ഭാഷാ, ചരിത്രം, മാപ്പിള കലകൾ, പഠനം എന്നിവയെ പരിപോഷിക്കുന്നതിനാവശ്യമായ നടപടികൾ തുടരും. മൊയിൻകുട്ടി വൈദ്യർ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വജ്ര ജൂബിലി കലാകാരന്മാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ മാപ്പിള കലകളുടെ പരിശീലനം സാംസ്‌കാരിക വകുപ്പ് നടത്തി വരികയാണ്.

വഖഫ്ഭൂമിയുടെ അളന്ന് തിട്ടപ്പെടുത്തുന്നതിന് സർവ്വേ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചാൽ സർവ്വേ നടത്തി ഭൂമി തിട്ടപ്പെടുത്തുന്നതിനാവശ്യമായ നടപടി റവന്യൂ വകുപ്പ് സ്വീകരിക്കും. ഇതിനായി പ്രത്യേക ഓഫീസ് ആരംഭിക്കാൻ റവന്യൂ, വഖഫ് മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ് വിതരണത്തിൽ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആകെയുള്ള 8 കോടിയിൽ 2.28 കോടി രൂപ നിലവിൽ വിതരണം പൂർത്തിയാക്കി. ബാക്കി തുക ഈ ആഴ്ച മുതൽ വിതരണം ചെയ്യും. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന സർക്കാർ നിലപാടിൽ മാറ്റമുണ്ടാകില്ല. മയക്കുമരുന്നടക്കമുള്ള സാമൂഹിക വിപത്തുകൾക്കെതിരെ ഒന്നായി പൊരുതാൻ നമുക്ക് കഴിയണം. റാഗിങ്ങടക്കമുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും പ്രതിനിധികൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.