അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കൊപ്പം തന്നെ തൊഴിൽ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ തിരുവന ന്തപുരം ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാണുന്ന സ്ത്രീപ്രതിനിധ്യം തൊഴിൽ മേഖലകളിലേക്കും പരിവർത്തനം ചെയ്യപ്പെടണം. ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾ തൊഴിൽ മേഖലകളിലേക്ക് എത്തിച്ചേരുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. ഇത്തരത്തിൽ ജീവിതത്തിൽ ഏതെങ്കിലും ദിശയിൽ കരിയർ നഷ്ടപ്പെട്ടു പോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബാക്ക് ടു വർക്ക് പദ്ധതി, ക്രഷ്, നൈപുണ്യ പരിപാടികൾ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഐക്യ രാഷ്ട്രസഭയുടെ ഈ വർഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക എന്നതാണ്. നവോത്ഥാന കാലഘട്ടത്തിൽ തുടങ്ങി സ്ത്രീകളുടെ സാമൂഹികമായിട്ടുള്ള പുരോഗമനത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നൽകി പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പൊതു സമൂഹം ഇന്ന് പല മേഖലകളിലും നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മികവ് പുലർത്തുന്ന സംസ്ഥാനം കേരളമാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും കേരളമാണ് ഒന്നാമത്. എന്നാൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീ ക്ഷേമം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വലിയ പ്രധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഇതിന്റെ ഭാഗമായി വിവ പ്രോഗ്രാം, ബ്രെസ്റ്റ് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള വാർഷിക ആരോഗ്യ സ്‌ക്രീനിംഗ് പോലുള്ള പദ്ധതികൾ സർക്കാർ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു. വിപ്ലവ ഗായിക പി.കെ. മേദിനിയെ പൊന്നാടയണിയിച്ച് ഫലകവും കാഷ് അവാർഡും നൽകി മന്ത്രി ആദരിച്ചു. ഗോത്ര വിഭാഗത്തിൽപ്പെടുന്നവർ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യുരുവിയിലെ നായിക മീനാക്ഷി, വനിതകളുടെ നേതൃത്വത്തിൽ രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹം (വീ സാറ്റ്) വികസിപ്പിച്ച തിരുവനന്തപുരം എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൺ ടീം അംഗങ്ങളായ വിദ്യാർഥിനികൾ, അധ്യാപകരായ ഡോ. ലിസി അബ്രഹാം, ഡോ. ആർ. രശ്മി, ഡോ. എം.ഡി. സുമിത്ര, തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസാധനരംഗത്തെ പെൺകൂട്ടായ്മ സമതയുടെ സാരഥികളായ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. ടി.എ. ഉഷാകുമാരി, ചെയർപേഴ്സൺ അജിത ടി.ജി, മലയാളത്തിലെ ആദ്യ ട്രാൻസ് വുമൺ കവയിത്രി വിജയരാജ മല്ലിക, ഡ്രൈവിംഗ് ലൈസൻസ് നേടിയ ഇരു കൈകളുമില്ലാതെ വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യക്കാരിയായ ജിലുമോൾ, തിരുനെല്ലിയിലെ കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം നൂറാങ്ക് നടത്തുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന കുടുംബശ്രീ വനിതകളായ ലക്ഷ്മി, സുനിത, ശരണ്യ, ശാന്ത മനോഹരൻ, ശാന്ത നാരായണൻ, റാണി, സരസു, കമല, ബിന്ദു, ശാരദ എന്നിവരെയും മന്ത്രി ആദരിച്ചു.
മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരങ്ങൾ കാസർഗോഡ് ജില്ലാ പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. കാസർഗോഡ് ജില്ലാ പഞ്ചായത്തിനു വേണ്ടി വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തളയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. കൊയിലാണ്ടി നഗരസഭയ്ക്കു വേണ്ടി ചെയർപേഴ്സൺ കെ.പി. സുധയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് സുമ ഇടവിളാകവും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.
വനിതാ കമ്മിഷന്റെ മാധ്യമ പുരസ്‌കാര വിതരണവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മലയാള മനോരമ പാലക്കാട് യൂണിറ്റിലെ റിപ്പോർട്ടർ ബിജിൻ സാമുവൽ, ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ വി.ജെ. വർഗീസ്, ഇടുക്കി മാതൃഭൂമി ന്യൂസിലെ സീനിയർ റിപ്പോർട്ടർ ജയിൻ എസ് രാജു, പാലക്കാട് ഏഷ്യാനെറ്റ് ന്യൂസിലെ പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് പ്രിയ ഇളവള്ളിമഠം, കൊച്ചി അമൃത ടിവി സീനിയർ കാമറമാൻ ബൈജു സിഎസ്, മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ഗിബി സാം വി.പി. എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. അഡ്വ. വി.കെ പ്രശാന്ത് എംഎൽഎ, കേരള വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി. ആർ മഹിളാ മണി, അഡ്വ. പി. കുഞ്ഞായിഷ, ആസൂത്രണ ബോർഡ് വിദഗ്ധ അംഗം പ്രൊഫ. മിനി സുകുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, ജെൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ. ആനന്ദി, വനിതാ കമ്മിഷൻ മെമ്പർ സെക്രട്ടറി സോണിയാ വാഷിംഗ്ടൺ തുടങ്ങിയവർ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് പ്രശസ്ത കവി മുരുകൻ കാട്ടാക്കട അവിഷ്‌കാരം നിർവഹിച്ച പെണ്ണകം ദൃശ്യകാവ്യം കലാഞ്ജലി ഫൗണ്ടേഷൻ സൗമ്യ സുകുമാരനും സംഘവും അവതരിപ്പിച്ചു. നാട്യ കലാക്ഷേത്രം ലിസി മുരളീധരനും സംഘവും സ്ത്രീശബ്ദം നൃത്ത സംഗീതം അവതരിപ്പിച്ചു.