ആയുഷ് ചികിത്സ വകുപ്പിലെ മികച്ച ഡോക്ടർമാർക്ക് കേരള സർക്കാർ ആയുഷ് വകുപ്പ് നൽകുന്ന ആയുഷ് പുരസ്‌കാരങ്ങൾക്കായുള്ള ആയുഷ് അവാർഡ് സോഫ്റ്റ്വെയർ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ആയുഷ് അവാർഡ് സോഫ്റ്റ്‌വെയറിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആയുഷ് ഡോക്ടർമാരെ റേറ്റ് ചെയ്യാനുള്ള അവസരം രോഗികൾക്കും സഹപ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രതിനിധികൾക്കും ലഭിക്കും.അധ്യാപകരായ ഡോക്ടർമാരെ റേറ്റ് ചെയ്യാനുള്ള അവസരം വിദ്യാർത്ഥികൾക്കും ലഭിക്കും.റേറ്റിങ്ങിലൂടെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളിൽ നിന്ന് സർക്കാർ തല അഭിമുഖത്തിലൂടെയാണ് അന്തിമവിജയിയെ കണ്ടെത്തുന്നത്.
നാമനിർദേശ പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താനും അപേക്ഷ സമർപ്പണത്തിലും മറ്റും വരുന്ന കാലതാമസം ഒഴിവാക്കാനും ഈ ആപ്ലിക്കേഷൻ വഴി സാധ്യമാകുന്നു. പുരസ്‌കാരം നിർണയത്തിൽ പൊതുജനങ്ങളുടെ പങ്ക് ഉറപ്പുവരുത്തി ഒരു ജനാധിപത്യ സ്വഭാവം കൈക്കൊള്ളാനും ഈ സോഫ്റ്റ്വെയർ സഹായിക്കും. ദേശീയ ആയുഷ് മിഷൻ കേരളയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും നേതൃത്വത്തിലാണ് ആയുഷ് അവാർഡ് സോഫ്റ്റ്വെയർ നിർമ്മിച്ചിരിക്കുന്നത്.