അഞ്ചു വര്‍ഷത്തിലധികമായി  തരിശു കിടന്ന മനക്കര ഏലായില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്‍ ഹരിത ലേബര്‍ ആര്‍മിയുടെയും നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഔഷധ നെല്‍വിത്തിനമായ ഞവര നെല്ല് നട്ടുകൊണ്ട് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കൃഷി, തദ്ദേശ സ്വയംഭരണ, ജലസേചന വകുപ്പുകളുടെയും വിവിധ പദ്ധതികളുടെയും ഏകോപനത്തിലൂടെ തരിശുനിലങ്ങള്‍ പൂര്‍ണമായും കൃഷിയോഗ്യമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഉത്പാദിപ്പിക്കുന്ന നെല്ല് അതത് പ്രദേശത്തെ കുടുംബശ്രീ സംരംഭങ്ങള്‍ മുഖേന സംസ്‌കരിക്കുന്നതിനും നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ 66 മിനി റൈസ് മില്ലുകള്‍ കര്‍ഷക കൂട്ടായ്മക്ക് നല്‍കിക്കഴിഞ്ഞു. ഒരു പ്രദേശത്തും നെല്‍വയലുകള്‍ തരിശിടാന്‍ അനുവദിക്കില്ലെന്നും തരിശിടുന്നതിനും നികത്തലിനും എതിരെ ജനകീയ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ശങ്കരപ്പിള്ള, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി.എസ്. ലാലി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.