നീർത്തടാധിഷ്ഠിത വികസനത്തിലാണ് കേരളത്തിന്റെ ഭാവിയെന്നും അതിനായി മണ്ണിന്റെ സൂക്ഷ്മ സംരക്ഷണമാകും ഇനി കേരളത്തിൽ ഉറപ്പാക്കുകയെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ചടയമംഗലം നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിൽ തുടങ്ങിയ ലൈബ്രറിയുടേയും സെമിനാർ ഹാളിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹരിത കേരള മിഷന്റെ ഭാഗമായി ഒരോ ജില്ലയിലേയും ജലസ്രോതസുകൾ സംരക്ഷിക്കും. മണ്ണിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കും. ഇതിനൊക്കെയായി ഇവിടുത്തെ പരിശീലന സ്ഥാപനം മികവിന്റ കേന്ദ്രമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലക്കര രത്നാകരൻ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാ ദേവി, വൈസ് പ്രസിഡന്റ് സാം. കെ. ഡാനിയൽ, ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മണികണ്ഠൻ പിള്ള, മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ, തദ്ദേശ ഭരണ സ്ഥാപന ഭാരവാഹികൾ, രാഷ്ട്രിയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.