65 രാജ്യങ്ങൾ; 190 ലധികം ചിത്രങ്ങൾ
സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ രാജ്യാന്തര ചലച്ചിത്രമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിലെ 80 ലധികം ചിത്രങ്ങളും മത്സര വിഭാഗത്തിലുള്ള 14 ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.
മത്സര വിഭാഗത്തിലെ നാല് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ട് മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഐഡന്റിറ്റി ആൻഡ് സ്പേയ്സ് എന്ന വിഭാഗത്തിൽ ആറ് സിനിമകളാണുള്ളത്. പ്രമുഖ ക്യൂറേറ്റർ അലസാണ്ടറെ സ്പഷെലെ തെരഞ്ഞെടുത്ത ബംഗ്ലാദേശ് ചിത്രമായ ”ലൈവ് ഫ്രം ധാക്ക”, ബാബക് ജലാലിയുടെ ”റേഡിയോ ഡ്രീംസ്” മലയാളിയായ ഗീതു മോഹൻദാസിന്റെ ലയേഴ്‌സ് ഡയസ് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
പലസ്തീൻ ജനതയുടെ ദുരിത ജീവിതം ചിത്രീകരിച്ച സിയാദ് ദുയെരിയുടെ ”ഇൻസൾട്ട്” ആണ് ഉദ്ഘാടന ചിത്രം. ജോണി ഹെൻറിക്‌സ് സംവിധാനം ചെയ്ത ”കാൻഡലേറിയ”, ഈഗർ നജാസിന്റെ ”പൊമഗ്രാനൈറ്റ് ഓർച്ചാഡ്” തുടങ്ങിയവയാണ് മത്സര വിഭാഗത്തിലെ രാജ്യാന്തര ചിത്രങ്ങൾ. പ്രേം ശങ്കർ സംവിധാനം ചെയ്ത ‘രണ്ടുപേർ’, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്നിവയാണ് മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ. നിളാ മാധബ് പാണ്ഡയുടെ ‘കദ്‌വി ഹവാ’ അമിത് വി മസൂർക്കറിന്റെ ‘ന്യൂട്ടൺ’ എന്നിവയാണ് മത്സരയിനത്തിലെ ഇന്ത്യൻ ചിത്രങ്ങളാണ്. ജർമ്മൻ ചി്രതമായ ‘യംങ് കാൾ മാർക്‌സ്’, അമേരിക്കൻ ചിത്രം ‘മദർ’, ഫ്രഞ്ച് ചിത്രമായ ”കസ്റ്റഡി” തുടങ്ങി ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിഖ്യാത ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വിഖ്യാത റഷ്യൻ സംവിധായകൻ അലക്‌സാൻഡർ സൊകുറോവിനാണ് ഇത്തവണത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം. ഫാദർ ആന്റ് സൺ, ഫ്രാങ്കോ ഫോണിയ, മദർ ആന്റ് സൺ, റഷ്യൻ ആർക്ക് തുടങ്ങിയ ആറ് സൊകുറോവ് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, മലയാളി സംവിധായകൻ കെ.പി. കുമാരൻ എന്നിവരുടെ ചിത്രങ്ങളും റെട്രോസ്പെക്ടിവ് വിഭാഗത്തിൽ ഉണ്ടാകും.
കണ്ടംപററി മാസ്റ്റേഴ്‌സ് ഇൻ ഫോക്കസ് വിഭാഗത്തിൽ ആഫ്രിക്കൻ സംവിധായകൻ മഹമ്മദ് സാലിഹ് ഹറൂൺ, മെക്‌സിക്കൻ സംവിധായകൻ മിഷേൽ ഫ്രാങ്കോ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. സമകാലിക ഏഷ്യൻ സിനിമ, റിസ്റ്റോർഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിങ്ങനെ 21 പാക്കേജുകൾ ഇത്തവണ മേളയിലുണ്ട്. അഭ്രപാളിയിലെ മലയാളി സ്ത്രീ ജീവിതം വരച്ചുകാട്ടുന്ന ‘അവൾക്കൊപ്പം’ എന്ന വിഭാഗം ഇത്തവണത്തെ മേളയുടെ മുഖ്യാകർഷണമാണ്. ജാപ്പനീസ് അനിമേഷൻ ചിത്രങ്ങൾക്കായി പ്രത്യേക വിഭാഗം മേളയിലുണ്ട്. ഇതാദ്യമായാണ് ഇത്തരമൊരു വിഭാഗം മേളയിൽ ഉൾപ്പെടുത്തുന്നത്.
ഇന്ത്യൻ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി 14 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അങ്കമാലി ഡയറീസ്, ടേക്ക് ഓഫ്, കറുത്ത ജൂതൻ, നായിന്റെ ഹൃദയം, അതിശയങ്ങളുടെ വേനൽ, മറവി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾ ഉണ്ടാകും. സംവിധായകരായ കെ.ആർ. മോഹനൻ, ഐ.വി ശശി, കുന്ദൻ ഷാ, നടൻ ഓംപുരി എന്നിവർക്ക് മേള സ്മരണാഞ്ജലി അർപ്പിക്കും.