സംസ്ഥാനത്തെ കൂടുതൽ മെഡിക്കൽ കോളേജുകൾ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആർദ്രം മിഷന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ എല്ലാ സംവിധാനങ്ങളും ഒരുക്കാനാണ് പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സർക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറിക്ക് 29 കോടി ബജറ്റിൽ അനുവദിച്ചത്.
സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചു വരുന്നു. 2 സർക്കാർ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. 80 പിജി സീറ്റുകൾക്ക് പുതുതായി അനുമതി ലഭിച്ചു. ആദ്യമായി മെഡിക്കൽ കോളേജും ദന്തൽ കോളേജും ദേശീയ റാങ്കിംഗിൽ ഉൾപ്പെട്ടു. ഈ റാങ്കിംഗ് കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ എണ്ണം വർധിച്ചു വരുന്നു. മെഡിക്കൽ കോളേജിൽ ഇപ്പോൾ 250 എംബിബിഎസ് സീറ്റുകളുള്ളതിൽ 60 മുതൽ 70 ശതമാനവും പെൺകുട്ടികളാണ്. കൂടുതൽ പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് എത്തുന്നതിനാൽ അതനുസരിച്ച് ഹോസ്റ്റൽ സൗകര്യവും ഉയർത്തണം. സംസ്ഥാന സർക്കാരിന്റെ വിവിധ പ്ലാൻ ഫണ്ടായ 23 കോടി രൂപ ചെലവഴിച്ചാണ് ഹോസ്റ്റൽ നിർമ്മിച്ചത്. മെഡിക്കൽ കോളേജിൽ മറ്റൊരു ഹോസ്റ്റലും ദന്തൽ കോളേജ് ഹോസ്റ്റലും പൂർത്തിയാക്കേണ്ടതുണ്ട്.
പ്ലാൻ ഫണ്ടുകൾ പരിമിതമായതിനാലാണ് കിഫ്ബിയിലൂടെ തുക കണ്ടെത്തി വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയത്. മെഡിക്കൽ കോളേജിൽ 717 കോടിയുടെ നിർമ്മാണ പ്രവത്തനങ്ങളാണ് നടന്നു വരുന്നത്. രണ്ടാം ഘട്ടമായി രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
സർക്കാർ മേഖലയിൽ 8 നഴ്സിംഗ് കോളേജുകളും സിമെറ്റിന്റെ കീഴിൽ 7 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർത്ഥ്യമാക്കി. കോഴിക്കോട്ടെ ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആദ്യമായി 270 അധ്യാപക തസ്തികൾ സൃഷ്ടിച്ചു. എയിംസിന്റെ പ്രൊജക്ടിൽ തെരഞ്ഞെടുത്ത 5 എമർജൻസി മെഡിസിൻ വിഭാഗങ്ങളിൽ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേതാണെന്നും മന്ത്രി വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ഡി.ആർ. അനിൽ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, ആർ.എം.ഒ. ഡോ. മോഹൻ റോയ്, വാർഡൻമാരായ ഡോ. റോമ മാത്യു, ഡോ. മഞ്ജു എന്നിവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനാഥ് കൃതജ്ഞതയും രേഖപ്പെടുത്തി.