കേരളത്തിൽ 18 ലക്ഷം കണക്ഷനുകൾ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പുതിയ 18 ലക്ഷം കണക്ഷനുകളാണ് സംസ്ഥാനത്ത് നൽകിയതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിലെ അമ്പത് ശതമാനം വീടുകളിലും കുടിവെള്ളമെത്തി. കുട്ടനെല്ലൂരിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന ജലസംഭരണിയുടെയും ഡെഡിക്കേറ്റഡ് ലൈനും വിതരണ പൈപ്പുകൾ സ്ഥാപിച്ചതിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ കോർപ്പറേഷൻ്റെ പ്രവർത്തന മികവിന് അദിനന്ദനങ്ങളും മന്ത്രി അറിയിച്ചു. ശിലാഫലകം അനാച്ഛാദനവും നിർവഹിച്ചു. കരാറുകാരനായ ഇസ്ഹാക്ക് പറയോടത്തിനെ ആദരിച്ചു.
തൃശൂർ കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 9 കോടി രൂപ ചെലവിലാണ് 5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും 5 കിലോമീറ്റർ ഡെഡിക്കേറ്റഡ് ലൈനും വിതരണ പൈപ്പുകളുടെയും നിർമ്മാണം പൂർത്തീകരിച്ചത്. കോർപ്പറേഷൻ്റെ 178-ാമത്തെ കർമ്മപദ്ധതി കൂടിയാണ് സാക്ഷാത്കാരമായത്. ഇതോടെ കുട്ടനെല്ലൂർ ശുദ്ധജല പൂർണ്ണതയിലേക്ക് എത്തുകയാണ്.
മേയർ എം. കെ. വർഗ്ഗീസ് അദ്ധ്യക്ഷനായി. കോർപ്പറേഷന്റെ ഡെപ്യൂട്ടി മേയർ എം. എൽ. റോസി, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ വർഗ്ഗീസ് കണ്ടംകുളത്തി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ. ഷാജൻ, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ പെരിഞ്ചേരി, സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജ്, സൂപ്രണ്ടിംഗ് എൻജിനീയർ പി.എ. സുമ, ഡിവിഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ, കൗൺസിലർമാരായ നീതു ദിലീഷ്, എ. ആർ. രാഹുൽനാഥ്, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.