ഠാണ – ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപ്രതിഫല തുകയുടെ അവാര്ഡ് വിതരണം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു നിര്വ്വഹിച്ചു. പുരധിവാസ പാക്കേജ് വിതരണവും മന്ത്രി നിര്വ്വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ പശ്ചാത്തല സൗകര്യവികസന പ്രവര്ത്തനങ്ങളിലെ സുവര്ണ്ണ മുഹൂര്ത്തമാണിതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
പുനരധിവാസ പാക്കേജില് ഉള്പ്പെട്ട 18 പേര്ക്കും, ആര്.ആര് പാക്കേജില് ഉള്പ്പെട്ട 15 പേര്ക്കുമാണ് നഷ്ടപരിഹാര തുകയുടെ അവാര്ഡ് നല്കിയത്. 33 പേര്ക്കായി 4,57,65,564 രൂപയാണ് നഷ്ടപരിഹാരം തുകയായി കണക്കാക്കിയിട്ടുള്ളത്. രേഖകള് സമര്പ്പിക്കാന് ബാക്കിയുള്ളവര്ക്ക് രേഖകള് സമര്പ്പിക്കുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാര തുക കൈമാറുമെന്നും മന്ത്രി അറിയിച്ചു.
ഠാണ – ചന്തക്കുന്ന് ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കപ്പെടുന്നവര്ക്കും തൊഴില് നഷ്ടപ്പെടുന്നവര്ക്കുമുള്ള നഷ്ടപ്രതിഫല തുകയുടെ അവാര്ഡാണ് മന്ത്രിയും നിയോജക മണ്ഡലം എംഎല്എയുമായ ഡോ. ആര്. ബിന്ദു കൈമാറിയത്. ഗുണഭോക്താക്കള്ക്ക് ട്രഷറിയില് നിന്ന് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്.
ഹാജരാക്കിയ രേഖകളുടെ പരിശോധന പൂര്ത്തിയാക്കി ഭൂമി ഏറ്റെടുക്കല് നിയമപ്രകാരം തുക അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്ക്കാണ് നഷ്ടപരിഹാര തുകയുടെ അവാര്ഡ് വിതരണം മന്ത്രി നിര്വ്വഹിച്ചത്. സുഗമമായി ഭൂമി ഏറ്റെടുക്കല് നടപടികളും നഷ്ടപരിഹാര വിതരണവും പൂര്ത്തിയാകുന്നതോടെ ഠാണ – ചന്തക്കുന്ന് ജംഗ്ഷന് വികസനം അതിവേഗം യാഥാര്ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.