ഊരക്കാട് ഗവ.യു പി.സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം പദ്ധതിക്ക് തുടക്കം

പൊതു വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് പി.വി.ശ്രീനിജിന്‍ എം.എല്‍.എ പറഞ്ഞു. ഊരക്കാട് ഗവ.യു പി.സ്‌കൂളിലെ വര്‍ണ്ണക്കൂടാരം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠ്യ-പാഠ്യേതര മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനാണ് വിദ്യാഭ്യാസ മേഖലയില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമഗ്രശിക്ഷ കേരളയുടെ പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രീ പ്രൈമറി തലത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് വര്‍ണ്ണക്കൂടാരം. പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക മികവുകള്‍ പ്രോത്സാഹിപ്പിക്കുക, സര്‍ഗശേഷി വര്‍ധിപ്പിക്കുക, ഭാഷ, ശാസ്ത്രം തുടങ്ങിയ മേഖലയിലുള്ള അറിവ് വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വര്‍ണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍ എന്‍ ഉണ്ണി, പി ടി എ പ്രസിഡന്റ് കെ ടി ഷിബു, സീനിയര്‍ അസിസ്റ്റന്റ് ലിജു ദേവസികുട്ടി, പ്രീ പ്രൈമറി അധ്യാപകരായ ഷിന്‍സി ജോര്‍ജ്, ജിന്‍സി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.