പുല്ലൂർ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന രണ്ടാം നൂറ് ദിന പരിപാടിയിൽ നൂറാമത്തെ പരിപാടിയായാണ് പൊതുമ്പും ചിറയിലെ ചിറയോരം ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം നിർവ്വഹിച്ചത്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ പഞ്ചായത്ത്തല ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾകൊണ്ട് മാറ്റത്തിന്റെ വെളിച്ചം തെളിയിക്കുകയാണ് ഭരണസമിതി അംഗങ്ങളെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദീർഘദൂര യാത്രക്കിടയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വിശ്രമിക്കാനുള്ള കേന്ദ്രമാണ് ടേക്ക് എ ബ്രേക്ക്. ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിൽ കുടുംബശ്രീ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് സ്നാക്സ് ഷോപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പുല്ലൂര് പൊതുമ്പുച്ചിറ പരിസരത്ത് നടന്ന പരിപാടിയിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ മുഖ്യ അതിഥിയായി. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ, അസിസ്റ്റന്റ് എഞ്ചിനീയർ സിമി സെബാസ്റ്റ്യൻ, സെക്രട്ടറി ഇൻ ചാർജ് പി.ബി ജോഷി, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.