വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽപി സ്കൂളിൽ സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാന്‍ സമഗ്ര ശിക്ഷ കേരള നടപ്പാക്കിയ പ്രീ സ്‌കൂള്‍ ശാക്തീകരണ പദ്ധതിയാണ് വര്‍ണ്ണക്കൂടാരം. സംസ്ഥാനത്തെ മുഴുവന്‍ പ്രീ പ്രൈമറി ക്ലാസ്സുകളെയും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമഗ്രശിക്ഷ കേരളയുടെ പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ പ്രീ പ്രൈമറി കുട്ടികളുടെ വികാസ മേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ ആക്ടിവിറ്റി ഏരിയകൾ സജ്ജീകരിക്കും. സ്‌കൂൾ കെട്ടിടത്തിന് പുറത്തും അനുഭവ ഇടങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.

കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രനുഭവങ്ങൾക്കുള്ള ഇടം, വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വർണയിടം , ഗണിതയിടം എന്നിങ്ങനെ വികാസമേഖലകൾക്കും പഞ്ചേന്ദ്രീയാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ 13 പ്രവർത്തന ഇടങ്ങളാണ് വർണ്ണക്കൂടാരം പദ്ധതിയിൽ സജ്ജീകരിക്കുന്നത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രത്നൻ , വാർഡ് മെമ്പർമാരായ ടി.ബി ബിനോയ്, പി.എ ആന്റണി, ബി.ആർ.സി പ്രതിനിധി അനു ടീച്ചർ, എസ്.എം.സി ചെയർമാൻ എൻ.ആർ രൂപേഷ്, പ്രധാനാധ്യാപിക മീന ടീച്ചർ, പ്രീ പ്രൈമറി അധ്യാപിക അമ്പിളി ടീച്ചർ എന്നിവർ സംസാരിച്ചു.