വികസന മാതൃകയായി പുത്തൂര്‍ സ്‌കൂള്‍


വികസന മുന്നേറ്റത്തില്‍ പുത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിനുള്ള ഭരണാനുമതി കൂടി ലഭിച്ചു. മൂന്നാം തവണയാണ് പുതിയ കെട്ടിടത്തിനായി തുക അനുവദിക്കുന്നത്. ഭരണാനുമതിയുടെ രേഖകള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണനും ഹെഡ്മിസ്ട്രസ് റിംസി തോമസിനും കൈമാറി. മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനം എല്‍ പി സ്‌കൂളിന്റെ സമഗ്ര മാസ്റ്റര്‍ പ്ലാനായി വിഭാവനം ചെയ്യുകയാണ് ലക്ഷ്യം. സംയുക്ത സഹകരണത്തിലൂടെയുള്ള വികസന കുതിപ്പിനാണ് പുത്തൂര്‍ സാക്ഷിയാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണന്‍ അധ്യക്ഷയായ ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി എസ് സജിത്ത്, നളിനി വിശ്വംഭരന്‍, മെമ്പര്‍മാരായ സുരേന്ദ്രന്‍ പി ബി, രാഹുല്‍ പി എം, ഷാജി വാരപ്പെട്ടി, എല്‍ പി വിഭാഗം ഹെഡ്മിസ്ട്രസ് റിംസി തോമസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഹെഡ്മിസ്ട്രസ് കെ ഉഷാകുമാരി, പിടിഎ പ്രസിഡന്റ് തിലകന്‍, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്ന് ഘട്ടങ്ങളിലായി മൂന്ന് കോടി രൂപയാണ് എല്‍.പി സ്‌കൂള്‍ വികസനത്തിന് മാത്രമായി ലഭിച്ചത്. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഇത്തരത്തില്‍ മൂന്നാം ഘട്ടത്തില്‍ തുക അനുവദിച്ചു കിട്ടുന്ന ആദ്യ സ്‌കൂള്‍ കൂടിയാണ് പുത്തൂര്‍ എല്‍പിഎസ്. പ്രൈമറി ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള പുത്തൂര്‍ സ്‌കൂളില്‍ ഇതിനോടകം 14 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 2024-25 അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ പുതിയ കെട്ടിടം യാഥാര്‍ഥ്യമാക്കും.