അവലോകനയോഗം ചേര്‍ന്നു


സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ നഷ്ടപരിഹാരത്തുക കൈമാറാന്‍ തീരുമാനമായി. ആലുവ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അന്‍വര്‍ സാദത്ത് എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 15 നകം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നത് ആരംഭിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ പുറയാര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികളും ചര്‍ച്ച ചെയ്തു. നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആലുങ്കല്‍ കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും യോഗം വിലയിരുത്തി. നിലവില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍. എ ) പി. സുനില്‍ കുമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.