ആരോഗ്യ മേഖലയിൽ ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 2019-20 വർഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ മുളക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് കേരളം ഇന്ന് മുന്നേറ്റത്തിന്റെ പാതയിലാണ്. പൊതു ആരോഗ്യരംഗത്ത് വേണ്ടത്ര ഡോക്ടർമാരും നഴ്സുമാരും ഇല്ലാതിരുന്ന ഘട്ടത്തിലാണ് 2016ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ ആർദ്രം മിഷൻ ആരംഭിക്കുന്നത്. പദ്ധതിയിലൂടെ
സംസ്ഥാനത്താകെ വലിയ മാറ്റങ്ങളാണുണ്ടായത്. ലോകനിലവാരത്തിലേക്ക് ആശുപത്രികളെയെല്ലാം ഉയർത്താനാണ് ഇന്ന് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടം നിർമ്മിച്ച മണ്ഡലമായി അഞ്ചുവർഷം കൊണ്ട് ചെങ്ങന്നൂർ മാറി. 100 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ ജില്ല ആശുപത്രി നിർമ്മിക്കുകയാണ്. മുളക്കുഴ സബ് സെന്ററിനായി 50 ലക്ഷം രൂപ അനുവദിച്ചു. ആയുർവേദ, ഹോമിയോ ആശുപത്രികൾക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. മുളക്കുഴ പി.എച്ച്.സി.യിൽ പുതിയ കെട്ടിടത്തിനായി 40 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽനിന്ന് മാറ്റിവെച്ചതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് രമ മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഹേമലത മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. രാധാഭായി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡി. പ്രദീപ്, കെ.കെ. സദാനന്ദന്‍, പഞ്ചായത്തംഗം പ്രമോദ് കരയ്ക്കാട്, കെ.എസ്. ഗോപാലകൃഷ്ണൻ, എൻ. പത്മാകരൻ, എന്‍.എച്ച്.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കോശി സി. പണിക്കര്‍, പാണ്ടനാട് സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. സുരേഷ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ദിവ്യ, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.