കടപ്പുറം പഞ്ചായത്തില്‍ സമഗ്ര ശുദ്ധ ജല വിതരണ പദ്ധതിക്കാവശ്യമായ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്കിന്റെയും അനുബന്ധ പ്രവൃത്തികളുടെയും നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. രണ്ടു വര്‍ഷത്തില്‍ ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ളം പൂര്‍ണതയിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷാലിഹ ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് ഗസാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബ്രഹമണ്യന്‍, വാര്‍ഡ് മെമ്പര്‍ മണ്‍സൂര്‍ അലി, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എഞ്ചിനീയര്‍ പി എ സുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 41.39 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. എന്‍ കെ അക്ബര്‍ എം എല്‍ എ ഇടപ്പെട്ട് വട്ടേക്കാട് മൊയ്ത്തുണ്ണി ഹാജി മകന്‍ സുല്‍ഫീക്കര്‍ സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് ജലസംഭരണി തയ്യാറാക്കുന്നത്.

കടപ്പുറം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പ്രതിദിനം 100 ലിറ്റര്‍ വീതം ജലം വിതരണം ചെയ്ത് കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിനായി 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജലസംഭരണിയാണ് തയ്യാറാക്കുന്നത്. 5.40 കോടി രൂപയാണ് ചെലവ്. 2,103 പേര്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കാനും പദ്ധതി പ്രകാരം കഴിയും.

ഭാരതപ്പുഴയില്‍ തൃത്താലയില്‍ നിലവിലുള്ള കിണറിനോട് ചേര്‍ന്ന് ഒരു കളക്ഷന്‍ ചേമ്പര്‍ നിര്‍മിച്ച് അതില്‍ നിന്നും 800 മില്ലിമീറ്റര്‍ വ്യാസമുള്ള പൈപ്പുപയോഗിച്ച് വെള്ളം നിലവിലെ കിണറിലെത്തിക്കും. അവിടെ നിന്ന് 390 എച്ച് പി മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് പൈപ്പ് വഴി മുടവന്നൂരില്‍ നിര്‍മിക്കുന്ന 33 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണശാലയില്‍ എത്തിക്കും. ജലം വിവിധ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് അണുനശീകരണം നടത്തി പൈപ്പ് വഴി കുറ്റനാട് ഓഫീസ് കോമ്പൗണ്ടിലെ നിലവിലുള്ള 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയില്‍ ശേഖരിക്കും. ഇവിടെ നിന്നും ഗ്രാവിറ്റി വഴി ചാവക്കാടുള്ള ഉപരിതല സംഭരണിയില്‍ എത്തിച്ച് അതില്‍ നിന്നും മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് കടപ്പുറം വട്ടേക്കാടുള്ള 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യും.