ഗുരുവായൂർ നഗരസഭയുടെ അമൃത് ശുദ്ധജല വിതരണ പദ്ധതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. എല്ലാവർക്കും കുടിവെള്ളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഗുരുവായൂർ അമൃത് കുടിവെള്ള പദ്ധതി അതിന് വലിയ പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോട്ടപ്പടി ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് സമീപം നടന്ന ചടങ്ങിൽ എന്‍.കെ അക്ബര്‍ എം എൽ എ അധ്യക്ഷനായി. ഗുരുവയൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധൻ, വാർഡ് കൗൺസിലർമാരായ പി.ടി ദിനിൽ, ശാന്തകുമാരി ടീച്ചർ, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ്, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ പി.എ സുമ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗുരുവായൂര്‍ നഗരഭയുടെ ജല ദൗര്‍ലഭ്യം പരിഹരിച്ച് തദ്ദേശവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. 150.88 കോടി രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്. ഗുരുവായൂര്‍ നഗരസഭയെ 3 മേഖലകളാക്കി തിരിച്ച് ശുദ്ധജലക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കുന്നതിനായി 2050 – ല്‍ വരാവുന്ന ജനസംഖ്യ കണക്കിലെടുത്ത് ആളോഹരി 150 ലിറ്റര്‍ വെള്ളവും, നഗരത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വെള്ളവും ഉള്‍പ്പടെ പ്രതിദിനം 150 ലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിനാണ് പദ്ധതി രൂപകല്പന ചെയ്തത്.

കരിവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ റഗുലേറ്ററിന് സമിപം 9 മീറ്റര്‍ വ്യാസമുള്ള കിണര്‍ നിര്‍മ്മിച്ച് അവിടെ നിന്നും 40 കിലോമീറ്റര്‍ ജലം പമ്പ് ചെയ്ത് കോട്ടപ്പടിയിലെ 15 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണ ശാലയില്‍ എത്തിച്ച് ജലശുദ്ധീകരണം നടത്തി 7 കിലോമീറ്ററോളം പെപ്പ് സ്ഥാപിച്ച് ശുദ്ധജലം പമ്പ് ചെയ്ത് നിലവില്‍ ചൂല്‍പ്പുറത്തുള്ള ടാങ്കിലും, കേരളവാട്ടര്‍ അതോറിറ്റി ഓഫീസ് ടാങ്കിലും, അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടപ്പുള്ളി ജാറം റോഡില്‍ നിര്‍മ്മിച്ച ടാങ്കിലും എത്തിച്ച് പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ മേഖലകളില്‍ 120 കിലോമീറ്റര്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.