നിറമരുതൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തേവർകടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിച്ച പുതിയ ഒ.പി കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നാടിന് സമർപ്പിച്ചു.  ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പിന്റെ 2020-21 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയും 2022-23 സാമ്പത്തിക വർഷത്തെ ഹെൽത്ത് ഗ്രാന്റിൽ നിന്നും 1.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ ഒ.പി കെട്ടിടം നിർമിച്ചത്.
ലാബ്, ഒ.പി റൂം, ഡ്രസ്സിങ് റൂം, പ്രീ ചെക്കപ്പ് റൂം എന്നീ സൗകര്യങ്ങളുടെയും കെട്ടിടം നിർമ്മിച്ചത്. പി.ഡ.ബ്ല്യു.ഡി അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ പുതുശ്ശേരി, നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിമോൾ കാവീട്ടിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി സൈതലവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ജലീൽ, കെ.ടി ശശി എന്നിവർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. പി.പി ഹാഷിം നന്ദിയും പറഞ്ഞു.