ഏഴര വർഷം കൊണ്ട് പശ്ചാത്തല മേഖലയിൽ വൻ കുതിച്ചു ചാട്ടം: മന്ത്രി മുഹമ്മദ് റിയാസ്
രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് പണം ചെലവഴിച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.
കാട്ടിക്കുന്ന് തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിന് കുറുകെ നിർമിച്ച കാട്ടിക്കുന്ന് തുരുത്തേൽ പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മലയാളികളുടെ ചിരകാല സ്വപ്നമായ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 45 മീറ്റർ ആറ് വരി 2025 അവസാനത്തോട് കൂടി പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴര വർഷ കാലയളവിനുള്ളിൽ കേരളത്തിലെ പശ്ചാത്തല മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് നടന്നിരിക്കുന്നത്. ദേശീയ പാതകളും സംസ്ഥാന പാതകളും ഗ്രാമീണ പാതകളും നവീകരിക്കപ്പെടുകയാണ്.13 ജില്ലകളിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേയും ഒൻപത് ജില്ലകളിലൂടെ കടന്ന് പോകുന്ന തീരദേശ ഹൈവേയും യാഥാർത്ഥ്യമാകാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് 8.60 കോടി രൂപ ചെലവിട്ടാണു കാട്ടിക്കുന്ന് തുരുത്തു പാലം നിർമിച്ചത്. 114.40 മീറ്റർ നീളത്തിലും 6.50 വീതിയിലുമായി ഏഴ് സ്പാനുകളോടും കൂടി നിർമിച്ച പാലത്തിന് ഇരുവശങ്ങളിലുമായി ബി.എം.ബി.സി നിലവാരത്തിൽ സമീപനപാതയും നിർമിച്ചു.കൊച്ചി ആസ്ഥാനമായുള്ള ശ്യാമ ഡൈനാമിക്സ് എന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് പാലത്തിന്റെ നിർമാണ കരാർ ഏറ്റെടുത്തത്.
പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ജനതയുടെ സ്വപ്‌നസാക്ഷാത്കാരമാണ് ഇതിലൂടെ പൂർത്തിയാകുന്നത്. ചെമ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ 300 ഏക്കറോളം വിസ്തൃതിയുള്ള, വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിക്കുന്ന് തുരത്തിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കടത്തു വള്ളങ്ങളും ചെറുവള്ളങ്ങളുമായിരുന്നു.
ചടങ്ങിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗം എം. കെ. ശീമോൻ, ജെസില നവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. കെ. രമേശൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആശ ബാബു, ലത അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. വി. പ്രകാശൻ, രമണി മോഹൻദാസ്, റജി മേച്ചേരി, രാഗിണി ഗോപി, ഉഷ പ്രസാദ്, ലയ ചന്ദ്രൻ, രഞ്ജിനി ബാബു, വി. എ. ശശി, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം , പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.റ്റി. ഷാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എൻ. സിബി, സാബു പി. മണലൊടി, എം. കെ. ഷിബു, തുടങ്ങിയവർ പങ്കെടുത്തു.