സ്‌കൂൾ കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളിൽ പത്രവായന ഉൾപ്പെടെ ശക്തിപ്പെടുത്തന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂൾ തലത്തിൽ വായനോത്സവം സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.
എല്ലാ ദിവസവും കുട്ടികൾ പത്രം വായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കൽ, ഇതിനായി പ്രത്യേകം പീരിയഡ് അനുവദിക്കൽ, പത്രങ്ങളിലെ പ്രധാന വാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പുകൾ തയ്യാറാക്കൽ, വായന പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ ഉറപ്പാക്കൽ, വായനാപ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രേസ് മാർക്ക് ഏർപ്പെടുത്തുക തുടങ്ങി വിവിധ നിർദേശങ്ങൾ യോഗത്തിലുയർന്നു.
ഗ്രേസ് മാർക്ക് ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഉറപ്പുവരുത്തുന്നതിനായി അവർക്കായി വകുപ്പ് പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങളിൽ ഇതിനുവേണ്ട നിർദേശങ്ങൾകൂടി ചേർക്കുമെന്നും മന്ത്രി അറിയിച്ചു. യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം കരട് തയ്യാറാക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, മാത്യൂസ് വർഗീസ്, സണ്ണി ജോസഫ് (മലയാള മനോരമ), ദീപു രവി, എ.സി. റെജി (കേരള കൗമുദി), ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), പി.കെ. മണികണ്ഠൻ (മാതൃഭൂമി), എൽ.കെ. റോഷ്നി (ദ ഹിന്ദു), ജയ്‌സൺ ജോസഫ് (ജനയുഗം), ഇ. ബഷീർ ( മാധ്യമം) തുടങ്ങിയവർ പങ്കെടുത്തു.