കിഴക്കേക്കുറ്റ നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി വടവുകോട് -കിഴക്കേകുറ്റ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ നിർവഹിച്ചു.
വേനൽ കനത്തതോടെ 10 ലധികം കുടുംബങ്ങൾ വസിക്കുന്ന ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. പഞ്ചായത്ത് വക പൊതു കിണർ ഉണ്ടെങ്കിലും ഉയർന്ന പ്രദേശമായതിനാൽ വെള്ളം ലഭ്യമായിരുന്നില്ല. ഇതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴൽകിണർ നിർമ്മിച്ച് വീടുകളിലേക്ക് വെള്ളം എത്തിക്കുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ജലം സംഭരിച്ചു വയ്ക്കുന്നതിനായി ടാങ്ക് നിർമ്മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ കെ അശോക കുമാർ അധ്യക്ഷത വഹിച്ചു. അയൽസഭ കൺവീനർ ലക്ഷ്മി രാജ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.