വിമാനത്തിൽ പറക്കണമെന്ന മോഹം സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് പെരുമ്പാവൂർ നഗരസഭയിലെ വയോമിത്രം അംഗങ്ങൾ. വിമാനത്താവളവും ആകാശയാത്രയുമൊക്കെ അപ്രാപ്യമായ സാഹചര്യത്തിലായിരുന്നു പെരുമ്പാവൂർ നഗരസഭ വയോമിത്രം പദ്ധതിയും സഹസ്ര ഫൗണ്ടേഷനും ചേർന്ന് ഇവർക്ക് വിമാന യാത്ര ഒരുക്കിയത്. അതൊരു സ്വപ്ന യാത്രയുടെ സാക്ഷാത്കാരമായിരുന്നു.

സ്വപ്നയാത്ര 2024 എന്ന പേരിൽ സംഘടിപ്പിച്ച യാത്രയിൽ വയോമിത്രം പദ്ധതിയിലെ 33 അംഗങ്ങളാണ് പങ്കെടുത്തത്. യാത്രാ സംഘത്തിലെ 29 പേരും 60നും 85നും മധ്യേ പ്രായമുള്ളവരായിരുന്നു. കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ട്രെയിൻ മാർഗ്ഗം പുറപ്പെട്ട് വിമാനത്തിൽ തിരിയെത്തും വിധമായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. ആകാശത്ത് വിമാനത്തിന്റെ ചെറുരൂപം കണ്ടിട്ടുള്ളതല്ലാതെ അതിൽ കയറി ഒരു യാത്ര എന്നത് വിദൂര സ്വപ്നമായിരുന്നു ഈ വയോധികർക്ക്.

പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ വയോമിത്രം കോ ഓഡിനേറ്റർ സിൻസി അനൂപ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രാജിഷ രാമകൃഷ്ണൻ എന്നിവരും ഒപ്പം ചേർന്നു. ബാംഗ്ലൂരിലെത്തിയ സംഘം ലാൽബാഗ് വിശ്വേശ്വരയ്യ മ്യൂസിയം സന്ദർശിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്ത ശേഷമാണ് വിമാനത്തിൽ കൊച്ചിയിലേക്ക് മടങ്ങിയത്.