മുഖ്യധാരാ ചികിത്സാ ശാസ്ത്രത്തിലേക്ക് കുതിക്കുന്ന ആയുര്‍വേദം കൂടുതല്‍ ജനകീയമാവുകയാണ്. ആരോഗ്യ നയത്തില്‍ ആയുര്‍വേദത്തിന്റെ ശാസ്ത്രസാങ്കേതികത അടയാളപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഭാരതീയ ചികിത്സാ വകുപ്പ്. ഇതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് വകുപ്പ് നടപ്പാക്കിവരുന്നത്. വിദ്യാലയ ആരോഗ്യ പദ്ധതിയാണ് ഇതില്‍ ശ്രദ്ധേയം. ബാലമുകുളം, പ്രസാദം എന്നി ഉപ പദ്ധതികളും ഇതിലുള്‍പ്പെടും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയാണ് ബാലമുകുളം. പിന്നാക്ക പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇതിലൂടെ ഉറപ്പുവരുത്തും. നിലവില്‍ 1,500 വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കാണപ്പെടുന്ന വിളര്‍ച്ചയും അനുബന്ധ രോഗങ്ങളും ഉന്മൂലനം ചെയ്യുകയാണ് പ്രസാദം പദ്ധതിയിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. ഈ അദ്ധ്യയന വര്‍ഷം 500 വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
രക്ത പരിശോധന, സ്‌കാനിംഗ് പരിശോധനകളിലൂടെ കരള്‍രോഗം മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കുകയും യഥാസമയം ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന കരള്‍രോഗമുക്തി പദ്ധതിയും വയനാട്ടില്‍ നടപ്പാക്കിവരുന്നു. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രി, പാതിരിച്ചാല്‍ ഗവ. ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ സേവനം ലഭ്യമാണ്. ജീവിതശൈലി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ചികിത്സാ പദ്ധതിയാണ് ആയുഷ്യം. പ്രമേഹം, രക്താതിമര്‍ദ്ദം, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുടെ ഗുരുതരാവസ്ഥ കുറയ്ക്കുകയും ദിനചര്യയിലും ആഹാര വിഹാരങ്ങളിലും ബോധവല്‍ക്കരണം നല്‍കുകയുമാണ് ലക്ഷ്യം. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സേവനം ലഭ്യമാണ്. അരിവാള്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള സിക്കിള്‍സെല്‍ അനീമിയ യൂണിറ്റും ശാരീരിക-മാനസിക-ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി യോഗയെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യോഗ യൂണിറ്റും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വൃദ്ധസദനങ്ങളില്‍ ചികിത്സ ലഭ്യമാക്കാനുദ്ദേശിച്ച് തുടങ്ങിയ വയോ അമൃതം പദ്ധതി പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ സംഘം നേരിട്ടെത്തി അന്തേവാസികളെ പരിശോധിക്കുന്നുണ്ട്. ഔഷധങ്ങള്‍, ചികിത്സാ ക്രമങ്ങള്‍, യോഗ പരിശീലനം, കൗണ്‍സലിംഗ് എന്നിവ കൂടി ഈ പദ്ധതിയിലുള്‍പ്പെടുന്നു. കണിയാമ്പറ്റ സര്‍ക്കാര്‍ വൃദ്ധ വികലാംഗ സദനം അന്തേവാസികളെയാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി സ്‌പെഷ്യാലിറ്റി യൂണിറ്റികളും വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രി, പാതിരിച്ചാല്‍ ഗവ. ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ പഞ്ചകര്‍മ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥ മുതല്‍ കൗമാരകാലം വരെയുള്ള കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള കൗമാരഭൃത്യം യൂണിറ്റ് സുല്‍ത്താന്‍ ബത്തേരി ആശുപത്രിയില്‍ നടപ്പാക്കി വരുന്നു. ജനനവൈകല്യം, വളര്‍ച്ചാ വൈകല്യം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇവിടെ മികച്ച ചികിത്സ ലഭിക്കും. മാനസിക രോഗികള്‍ക്ക് പഞ്ചകര്‍മ, കൗണ്‍സലിംഗ് എന്നിവ കൂടി ഉള്‍പ്പെടുന്ന ചികിത്സ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് തുടങ്ങിയ മാനസികം യൂണിറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രസൂതിതന്ത്രം യൂണിറ്റ് പാതിരിച്ചാല്‍ ആശുപത്രിയിലുമുണ്ട്. എല്ലാ പ്രായത്തിലുമുണ്ടാവുന്ന സ്ത്രീരോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുക വഴി ആരോഗ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കല്‍പ്പറ്റ ജില്ലാ ആശുപത്രിയില്‍ വയോജന ക്ഷേമത്തിനായി ജെറിയാട്രിക് യൂണിറ്റും പ്രവര്‍ത്തിക്കുന്നു.

നാലു പുതിയ പദ്ധതികള്‍ കൂടി ജനങ്ങളിലേക്ക്
പൊതുജനാരോഗ്യ പരിപാലനത്തിന് ഭാരതീയ ചികിത്സാ വകുപ്പ് 2018-19 വര്‍ഷം നാലു പുതിയ പദ്ധതികള്‍ കൂടി ആരംഭിക്കുന്നു. രാരീരം, ആയുഷ് ഗ്രാമം, സ്‌നേഹധാര, ആനോ റെക്ടല്‍ ക്ലിനിക് എന്നിവയാണവ. ഗര്‍ഭിണി പരിചര്യ, പ്രസവാനന്തര പരിചരണം, നവജാത ശിശുപരിചരണം എന്നിവ ആയുര്‍വേദ രീതിയില്‍ ലഭ്യമാക്കുകയാണ് രാരീരം പദ്ധതിയിലൂടെ. ഗര്‍ഭകാലചര്യ, മുലയൂട്ടലിന്റെ പ്രാധാന്യം, കുഞ്ഞുങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, ശിശുക്കളുടെ ആഹാരരീതി എന്നിയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമാണ്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഇതു നടപ്പാക്കും. മാനന്തവാടി ബ്ലോക്കിലെ പഞ്ചായത്തുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതാണ് ആയുഷ് ഗ്രാമം പദ്ധതി. ആയുര്‍വേദ ജീവിതചര്യയും ചികിത്സയും വ്യാപിപ്പിക്കുക വഴി ആയുര്‍വേദത്തെ ജനജീവിതത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതു വിഭാവനം ചെയ്തത്. സാന്ത്വന പരിചരണ രംഗത്ത് ആയുര്‍വേദത്തിന്റെ പുത്തന്‍ ചുവടുവയ്പാണ് സ്‌നേഹധാര. കിടപ്പുരോഗികള്‍ക്ക് ആയുര്‍വേദ വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട ഹോം കെയര്‍ ടീം വഴി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആയുര്‍വേദ ചികിത്സാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പൈല്‍സ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദ രീതിയില്‍ പറയുന്ന രക്ഷാസൂത്രം പോലുള്ള ചികിത്സാ മാര്‍ഗങ്ങള്‍ വഴി രോഗശമനം പൂര്‍ണമായി ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നതാണ് ആനോ റെക്ടല്‍ ക്ലിനിക്. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഇതിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.