ആയുര്‍സ്പര്‍ശം പദ്ധതി ജില്ലയില്‍ തുടക്കം

കുട്ടികളിലെയും കൗമാരക്കാരിലെയും വളര്‍ച്ചാ വ്യതിയാനങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ ആയുര്‍വേദ ഡിസ്പന്‍സറികള്‍ കേന്ദ്രീകരിച്ച് ആയുര്‍സ്പര്‍ശം പദ്ധതി വിപുലീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആയുര്‍വേദ ചികിത്സ, അനുബന്ധ തെറാപ്പികള്‍ എന്നിവയിലൂടെ വിവിധ വളര്‍ച്ചാ വൈകല്യങ്ങളെ നേരിടുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ആയുര്‍സ്പര്‍ശം.

ജില്ലാപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിലാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ ഒ.പി രീതിയിലാണ് പ്രവര്‍ത്തനം. അടുത്ത വര്‍ഷം മുതല്‍ ഐ.പി സംവിധാനവും ഒരുക്കും. കുട്ടികളിലെ സെറിബ്രല്‍ പാള്‍സി, ഓട്ടിസം, സംസാര- പഠന -പെരുമാറ്റ വൈകല്യം, അപസ്മാരം തുടങ്ങിയ വളര്‍ച്ചാ വൈകല്യങ്ങളെ ആയുര്‍വേദ ചികിത്സയിലൂടെ ഭേദമാക്കും.

സ്പീച്ച് – ഫീസിയോ തെറാപ്പി, സൈക്കോളജി, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എന്നിവ ഉണ്ടാകും. പദ്ധതിയിലൂടെ കുട്ടികളിലെ വളര്‍ച്ചാ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി സൗജന്യ ആയുര്‍വേദ ചികിത്സ ലഭ്യമാക്കും. കുട്ടികളിലെ വളര്‍ച്ചാ വൈകല്യങ്ങളുടെ ചികിത്സയ്ക്ക് മാത്രമായി നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് 10 കോടി ചെലവില്‍ ജില്ലയിലെ ആദ്യത്തെ ആശുപത്രി സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുഴിനിലത്ത് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള രണ്ടര ഏക്കറിലാണ് ആശുപത്രി സ്ഥാപിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഉഷ തമ്പി, ജുനൈദ് കൈപ്പാണി, പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ്, അമല്‍ ജോയ്, സിന്ധു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൗലി ഷാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ സുധീരന്‍, ഷിജി ഷിബു, ഒ. കെ ലാലു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. പ്രീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എ.കെ സുനില, ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സാജന്‍ എന്നിവര്‍ സംസാരിച്ചു.