- പരിഹരിക്കപ്പെട്ടത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസമെന്ന് മന്ത്രി പി.രാജീവ്
- വിട്ടു നൽകിയ ഭൂമിക്ക് പകരമായി എച്ച്.എം.ടി – എൻ.എ.ഡി റോഡ് സർക്കാർ വീതി കൂട്ടി നിർമ്മിക്കും
സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻ.എ.ഡി.യിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമി റോഡ് നിർമ്മാണത്തിന് അനുവദിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. തൃക്കാക്കര നോർത്ത് വില്ലേജിലെ നിർദ്ദിഷ്ട ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡവലപ്മെൻ്റ് കോർപ്പറേഷന് ഒരു മാസത്തിനുള്ളിൽ കൈമാറും. ഭൂമി വിലയായി 23.06 കോടി രൂപ ആർ.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നൽകണം. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻ.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി – എൻ.എ.ഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കും. ഭൂമിക്കായുള്ള അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സർക്കാർ നിരന്തരമായി ബന്ധപ്പെട്ടു വരികയായിരുന്നുവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സീപോർട്ട്- എയർപോർട്ട് നിർമാണത്തിലെ പ്രധാന തടസം ഇതിലൂടെ പരിഹരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.
പദ്ധതിക്കായി കണ്ടെത്തിയ ഭൂമി അളന്ന് തിരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ പ്രത്യേക ബോർഡ് രൂപീകരിക്കും. തുടർ നടപടികൾ വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. എച്ച്.എം.ടി – എൻ. എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ, ടെലഫോൺ പോസ്റ്റുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കും. പുതിയ ട്രാഫിക് സിഗ്നൽ പോയിൻ്റുകളും വരും.
സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിൻ്റെ ഭാഗമായി എൻ.എ.ഡി – മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപ കൂടി അനുവദിക്കാൻ കഴിഞ്ഞ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നിർദ്ദേശച്ചതനുസരിച്ചാണ് പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബി ബോർഡ് അംഗീകരിച്ചത്.
സീപോർട്ട് – എയർപോർട്ട് വികസനത്തിൻ്റെ ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളേജ് – കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് – ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനും എച്ച്. എം.ടി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കാൻ സുപ്രീം കോടതി അനുമതി തേടുകയും ചെയ്തു. കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എൻ.എ.ഡി ഭൂമിപ്രശ്നം. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് ഭൂമി അനുവദിക്കപ്പെട്ടതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.