മലപ്പുറം നഗരസഭയിലെ പുളിയറ്റുമ്മൽ, മഞ്ചേരി നഗരസഭയിലെ വേട്ടേക്കോട് എന്ന സ്ഥലങ്ങളിലെ പരാമ്പരാഗത മാലിന്യക്കൂനകൾ പൂർണമായും നീക്കം ചെയ്യും. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ലിയു.എം.പി) ഭാഗമായാണ് നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി വിളിച്ച ഗ്ലോബൽ ടെൻഡറിൽ എസ്.എം.എസ് ലിമിറ്റഡ് നാഗ്പൂർ എന്ന സ്ഥാപനവുമായി സ്റ്റേറ്റ് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് (എസ്.പി.എം.യു) ധാരണാപത്രം ഒപ്പുവച്ചു.
മഞ്ചേരി നഗരസഭയിൽ 17,378 എം ക്യൂബ് ഖരമാലിന്യവും മലപ്പുറം നഗരസഭയിൽ 7,936 എം ക്യൂബ് മാലിന്യവുമാണ് നീക്കം ചെയ്യുന്നത്. ഇവ ബയോ-മൈനിംഗ് പ്രക്രിയയിലൂടെ ഖരമാലിന്യങ്ങൾ തരംതിരിച്ച് വിവിധ സ്ഥാപനങ്ങൾക്ക് കൈമാറും. ബയോ-മൈനിംഗ് പ്രക്രിയക്കായി മഞ്ചേരി നഗരസഭയിൽ 3.71 കോടി രൂപയും മലപ്പുറം നഗരസഭയിൽ 2.32 കോടി രൂപയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ സർക്കാർ അനുവദിച്ചിട്ടുണ്ട്.