പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യം: മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കർ പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചൂണ്ടി – രാമമംഗലം റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പശ്ചാത്തല വികസനത്തത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ നയം. പശ്ചാത്തല മേഖലയുടെ വികസനം കേരളത്തിന്റെ കാർഷിക-ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമായി മാറും. ദേശീയ – സംസ്ഥാന പാതകൾക്കൊപ്പം ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളും വികസന പാതയിലാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ പി.വി.ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പോഞ്ഞാശ്ശേരി – ചിത്രപ്പുഴ റോഡിന് 12 കോടി രൂപയും പള്ളിക്കര – പഴന്തോട്ടം റോഡിന് 4.5 കോടിയും ഉൾപ്പെടെ 16.5 കോടി രൂപ കുന്നത്തുനാട് മണ്ഡലത്തിലെ റോഡ് നവീകരണത്തിനായി പി ഡബ്യൂ ഡി അനുവദിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
7.27 കോടി രൂപ ചെലവിൽ ബി.എം.& ബി.സി.നിലവാരത്തിലാണ് ചൂണ്ടി – രാമമംഗലം റോഡ് നവീകരിക്കുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ കൂത്താട്ടുകുളം, പിറവം ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കാക്കനാട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ശോഭന സലീബൻ, സംഗീത ഷൈൻ, ടി.വി. രാജൻ, ജിംസി മേരി വർഗീസ്, എൻ. വി. കൃഷ്ണൻകുട്ടി, പി. ഡബ്യൂ . ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു പോൾ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.യു.ഉഷസ് അസിസ്റ്റന്റ് എഞ്ചിനീയർ അനില തോമസ്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.