• ജാതി-മത വികാരം വ്രണപ്പെടുത്തുന്ന പ്രചാരണം പാടില്ല
  • വയനാട് മണ്ഡലത്തില്‍ 14.29 ലക്ഷം സമ്മതിദായകര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയപാര്‍ട്ടികളും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജാതി-മത വികാരം വ്രണപ്പെടുത്തുന്ന രീതിയിലും സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം പാടില്ല.

വ്യക്തികള്‍, സമൂഹത്തിന്റെ അന്ത:സത്ത എന്നിവക്ക് യോജിക്കാത്ത തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടാല്‍ 1951- ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍, ബാനര്‍ എന്നിവ പതിപ്പിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍, ബാനര്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാം. പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ കുറിച്ച് വിമര്‍ശിക്കരുത്.

ജാതി-മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടഭ്യര്‍ത്ഥിക്കരുത്. പണം, മദ്യം മറ്റു പാരിതോഷികങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തെറ്റായ പ്രസ്താവന നടത്തരുത്. ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്. എതിരാളികളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പാടില്ല. പൊതുജനങ്ങള്‍ക്ക് താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വോട്ടര്‍ പട്ടിക പരിശോധിക്കാം. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം.

2024 മാര്‍ച്ചില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. പ്രചരണ വാഹനങ്ങളില്‍ രാവിലെ ആറിന് മുന്‍പും രാത്രി 10 ന് ശേഷവും ലൗഡ് സ്പീക്കര്‍ ഉപയോഗം പാടില്ല. മറ്റു സമയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് പോലീസിന്റെ അനുമതി വാങ്ങണം. പ്രചരണ വാഹനങ്ങളുടെ വിവരങ്ങള്‍ അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. പ്രചാരണ പരിപാടികളില്‍ കുട്ടികള്‍, മൃഗങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.

വയനാട് മണ്ഡലത്തില്‍ 14.29 ലക്ഷം സമ്മതിദായകര്‍

ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി ഏഴ് നിയമസഭ മണ്ഡലങ്ങളുള്‍പ്പെടുന്ന വയനാട് -04 മണ്ഡലത്തില്‍ 14,29779 ലക്ഷം സമ്മതിദായകരാണുള്ളത്. ഇതില്‍ 7,05128 പുരുഷന്മാരും 7,24637 സ്ത്രീകളും 14 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണുള്ളത്. ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമായി 6,24225 വോട്ടര്‍മാരാണുള്ളത്.

മാനന്തവാടിയില്‍ 1,97947 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2,21419 ഉം, കല്‍പ്പറ്റയില്‍ 2,04859 ഉം സമ്മതിദായകരാണുള്ളത്. 318,511 സ്ത്രീ വോട്ടര്‍മാരും, 305,709 പുരുഷ വോട്ടര്‍മാരും, അഞ്ച് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. തിരുവമ്പാടി മണ്ഡലത്തില്‍ 1,79415 വോട്ടര്‍മാരും മലപ്പുറം ജില്ലയിലെ ഏറനാട് 179499, വണ്ടൂര്‍ 225634, നിലമ്പൂര്‍ 221006 വോട്ടര്‍മാരുമാണുള്ളത്.