ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വോട്ടിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി തഹസീൽദാർ എസ്.ശ്രീജിത്ത്‌ പരിപാടി ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും വോട്ടിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ കൊച്ചിയിലെ രക്ഷാ സ്പെഷ്യൽ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. സമീപത്തെ മറ്റ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളെയും ഉൾപ്പെടുത്തിയിരുന്നു.

പ്രതീകാത്മകമായി തിരഞ്ഞെടുപ്പ് നടത്തിക്കൊണ്ടായിരുന്നു ബോധവൽക്കരണ പരിപാടി. വിദ്യാർത്ഥികളിൽ നിന്നുതന്നെ സ്ഥാനാർത്ഥികളെ കണ്ടെത്തുകയും സാധാരണ തിരഞ്ഞെടുപ്പ് പോലെ നാമനിർദ്ദേശപത്രിക സമർപ്പിക്കൽ, അന്തിമ സ്ഥാനാർത്ഥി നിർണയം, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം എന്നീ പ്രക്രിയകളും നടത്തി. വിദ്യാർത്ഥികൾ തന്നെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായതും.

ഭിന്നശേഷികുട്ടികളുടെ ഫ്ലാഷ് മോബും നടന്നു. രക്ഷാ സോസൈറ്റി ചെയർമാൻ ഡബ്ല്യൂ.സി തോമസ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. രക്ഷാ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ഫിലിപ്പ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.