ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവശം വയ്ക്കുന്നത് നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ ഷീബാ ജോര്‍ജ്ജ് ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്. ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാലുവരെ വിലക്ക് തുടരും. വിലക്കു ലംഘിക്കുന്നവര്‍ ഐ.പി.സി. 188 പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും.
ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകള്‍, തോക്കുപയോഗിച്ച് കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന, ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. പൊലീസ് അല്ലെങ്കില്‍ ഹോം ഗാര്‍ഡുകള്‍, മറ്റ് സായുധ പൊലീസ് വിഭാഗങ്ങള്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാരിന്റെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവകാശമുള്ള സമുദായങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല.