പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കാണുന്നുണ്ടെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കണക്കന്‍തുരുത്തി ഗവ യു പി സ്‌കൂളില്‍ ഒരുകോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഹൈടെക് സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ തിരികെയെത്തിക്കുന്ന സ്ഥിതി ഉണ്ടാക്കാന്‍ സാധിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ രണ്ട് ലക്ഷം കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയത്. മാത്രമല്ല സ്‌കൂളുകളിലെ വിജയശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരുകുട്ടിക്കും മികച്ച പഠന സൗകര്യങ്ങള്‍ നഷ്ടമാവരുത് എന്നതാണ് സര്‍ക്കാര്‍ നയം. പാഠ്യേതര വിഷയങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങളും കാര്യങ്ങളും മന്ത്രി വിശദീകരിച്ചു. ആറ് മാസംകൊണ്ട് സ്‌കൂള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് നിര്‍മാണം തുടങ്ങിയിരിക്കുന്നത്.


വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ കുമാരന്‍ , ജില്ലാ പഞ്ചായത്ത് അംഗം എ ടി ഔസേപ്പ്, വിവിധ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ പി ഗംഗാധരന്‍, രാമ ജയന്‍, വനജ രാധാകൃഷ്ണന്‍, എന്നിവര്‍ക്കൊപ്പം വാര്‍ഡ് അംഗങ്ങളായ സി കെ വിനു, സോണി ബെന്നി, പിടിഎ പ്രസിഡന്റ് സി പ്രസാദ്, എസ് എം സി ചെയര്‍മാന്‍ ചെയര്‍മാന്‍ ഷാജി മാണി, പ്രധാന അധ്യാപിക കെ.അംബിക മെറിറ്റ് കണ്‍വീനര്‍ ജയപ്രകാശ് മാസ്റ്റര്‍, ആലത്തൂര്‍ ബിപിഒ അലിയാര്‍,എന്നിവരും സംസാരിച്ചു. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിലെ മണിശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.