ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമകേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് മുഖേന അറിയിക്കാം. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പിലൂടെ ഫോട്ടോ, വീഡിയോ, ഓഡിയോ രൂപത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. മദ്യം, പണം എന്നിവയുടെ വിതരണം, വ്യാജ വാര്‍ത്തകള്‍, വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, പൊതുയിടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ സ്ഥാപിക്കല്‍, സമ്മാന കൂപ്പണുകളുടെ വിതരണം, അനുവദിച്ച സമയത്തല്ലാതെയുള്ള സ്പീക്കര്‍ ഉപയോഗം തുടങ്ങിയവ പരാതികളായി നല്‍കാം.

പരാതി നല്‍കുന്നത് ഇങ്ങനെ…

പ്ലേ സ്റ്റോറില്‍/ആപ്പ് സ്റ്റോറില്‍ സി-വിജില്‍ ആപ്പ് ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒ.ടി.പി വെരിഫിക്കേഷന്‍ നടത്തണം. പരാതി നല്‍കാന്‍ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയില്‍ ഏതെങ്കിലും ക്ലിക്ക് ചെയ്താല്‍ ആപ്പ് തത്സമയം പരാതിക്കാരന്റെ ലൊക്കേഷന്‍ കണ്ടെത്തും. ലാന്‍ഡ് മാര്‍ക്ക് നല്‍കാനുള്ള ഓപ്പ്ഷനുമുണ്ട്. തുടര്‍ന്ന് സ്‌ക്രീനില്‍ വരുന്ന പ്രൊസീഡ് ക്ലിക്ക് ചെയ്ത് ക്യാമറയില്‍ പകര്‍ത്തണം. പരാതി നല്‍കുമ്പോള്‍ വിശദമായ വിവരങ്ങള്‍ എഴുതി നല്‍കാനുള്ള സൗകര്യവുമുണ്ട്. ആപ്പിലൂടെ തത്സമയം എടുക്കുന്ന ചിത്രം/ വീഡിയോ മാത്രമേ അപ്ലോഡ് ചെയ്യാനാവൂ. നേരത്തെ എടുത്തവ ഉപയോഗിക്കാന്‍ സാധിക്കില്ല. പരാതിക്കാരന്‍ തിരിച്ചറിയപ്പെടാതെ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്. എന്നാല്‍, ഇങ്ങനെ പരാതി നല്‍കുന്നയാള്‍ക്ക് പരാതിയുടെ തുടര്‍വിവരങ്ങള്‍ ആപ്പ് വഴി അറിയാന്‍ സാധ്യമല്ല.

സി-വിജില്‍ പ്രവര്‍ത്തനം

പരാതിക്കാരന്‍ സി-വിജില്‍ ആപ്പില്‍ പ്രവേശിച്ച് തത്സമയം ഫോട്ടോ/വീഡിയോ എടുത്ത് അഞ്ച് മിനിറ്റിനകമാണ് പരാതി രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ സി-വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതി ബന്ധപ്പെട്ട ഫീല്‍ഡ് യൂണിറ്റിനും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും കൈമാറും. പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് സ്‌ക്വാഡുകള്‍ സ്ഥലത്ത് 15 മിനിറ്റിനകം നേരിട്ടെത്തും. അടുത്ത 30 മിനിറ്റിനകം പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും 50 മിനിറ്റിനകം റിട്ടേണിങ് ഓഫീസര്‍ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കുകയും ചെയ്യുന്ന രീതിയിലാണ് ആപ്പ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. പരാതി നല്‍കിയ വ്യക്തിക്ക് ഇത് സംബന്ധിച്ച് അറിയാനുള്ള സൗകര്യവുമുണ്ട്. പരാതിക്കാരനെ തിരിച്ചറിയാത്ത രീതിയില്‍ പരാതി നല്‍കാനുള്ള സംവിധാനവുമുണ്ട്. സി- വിജില്‍ ആപ്ലിക്കേഷന്‍ മോണിറ്റര്‍ ചെയ്യുന്നതിനായി 24 മണിക്കൂറും കണ്‍ട്രോള്‍ റൂം സജ്ജമാണ്. ആര്‍.ഒയുടെ അധികാരപരിധിയില്‍ പരിഹരിക്കാന്‍ കഴിയാത്തവ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നാഷണല്‍ ഗ്രീവന്‍സ് സര്‍വീസ് പോര്‍ട്ടലിലേക്ക് കൈമാറും.

ജില്ലയില്‍ ലഭിച്ചത് 933 പരാതികള്‍

ജില്ലയില്‍ കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോട് ചേര്‍ന്നാണ് സി-വിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 23 ഉച്ചയ്ക്ക് ഒന്നുവരെ 933 പരാതികളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 921 പരാതികള്‍ പരിഹരിച്ചു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍, ബാനര്‍ പതിച്ചവ സംബന്ധിച്ച പരാതികളാണ് കൂടുതലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശരാശരി 48 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി എടുക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.