വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മുഴുവന്‍ പേരും വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത വിവിധ വിഭാഗങ്ങളിലുള്ള ആളുകള്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അവസരമുണ്ട്. 85 വയസ്സ് കഴിഞ്ഞവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍, കരുതല്‍ തടങ്കലിലുള്ളവര്‍, സായുധസേന,പാരാമിലിട്ടറി, ഇന്ത്യന്‍ റയില്‍വെ, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, ഇലട്രിസിറ്റി വകുപ്പ്, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈ, ബി.എസ്.എന്‍.എല്‍, ഫയര്‍ സര്‍വ്വീസ്, തെരഞ്ഞെടുപ്പ് ദിവസം മീഡിയ കവറേജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി ലഭിച്ച മാധ്യമ പ്രവർത്തർ എന്നിവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് വോട്ട് ചെയ്യാന്‍ അവസരം ഉണ്ട്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ നല്‍കി സമയബന്ധിതമായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തപാല്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ. പോസ്റ്റല്‍ ബാലറ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവര്‍ക്ക് പിന്നീട് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് മാസ്റ്റര്‍ ട്രെയിനര്‍ ഉമർ അലി പാറച്ചോടന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കളക്ടറേറ്റിലെ ആസുത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ വി.ആര്‍ രത്‌നേഷ്, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ സി.പി സുധീഷ്, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.