പാലക്കാട് ജില്ലാ വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായ യോഗത്തില്‍ പുതുതായി ലഭിച്ച നാല് പരാതികളടക്കം 19 പരാതികളാണ് ലഭിച്ചത്. ഇതില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. ബാക്കി പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ജില്ലാ ആശുപത്രിയില്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് പണം ആവശ്യപ്പെടുന്നുണ്ടെന്ന പരാതിയില്‍ സര്‍ട്ടിഫിക്കറ്റിന് ഫീസ് ഈടാക്കുന്നില്ലെന്നും ഡാറ്റാ എന്‍ട്രി ഫീസ് മാത്രമാണ് വാങ്ങുന്നതെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. കൊയ്‌തെടുത്ത നെല്ല സംഭരിക്കാന്‍ സപ്ലൈകോ നടപടി സ്വീകരിക്കുക, സര്‍ക്കാരിന്റെ മണ്ണ് സര്‍ക്കാരിലേക്ക് തന്നെ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, പൊതുകുളങ്ങള്‍ സ്വകാര്യവ്യക്തികള്‍ കൈയേറാതെ സംരക്ഷിക്കുക തുടങ്ങിയ പരാതികളും കമ്മിറ്റിയില്‍ ലഭിച്ചു. പാലക്കാട് സബ്കലക്ടര്‍ ആസിഫ്.കെ.യൂസഫ്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.