വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ നാശനഷ്ടത്തില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് കമ്പനി 5,13,794 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പരാതിക്കാരുടെ നിലമ്പൂര്‍ ചന്തക്കുന്നിലുള്ള ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ വലിയ തോതിലുള്ള നാശനഷ്ടവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഉത്തരവ്.
നിലമ്പൂര്‍ കനറാബാങ്കില്‍നിന്നും തൊഴില്‍സംരംഭം എന്ന നിലയില്‍ കടമെടുത്താണ് ചന്തക്കുന്ന് കറുകുത്തി വീട്ടിലെ അബൂബക്കറും വഴിക്കടവ് പൊന്നേത്ത് വീട്ടിലെ മുഹമ്മദ്കുട്ടിയും 25 സെന്റ് സ്ഥലം വാങ്ങി സ്ഥാപനം തുടങ്ങിയത്. ലോണെടുത്ത സമയത്ത് സ്ഥാപനം ഇന്‍ഷൂര്‍ ചെയ്തിരുന്നു. 2019 ഓഗസ്റ്റ് 7, 8, 9, 10 തിയതികളില്‍ ചാലിയാര്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പരാതിക്കാരന്റെ സ്ഥാപനത്തിലെ ഇഷ്ടികയും മണലും ഉള്‍പ്പെടെയുള്ളവ നശിച്ചു.
ഉടനെ ബാങ്കിനേയും ഇന്‍ഷൂറന്‍സ് കമ്പനിയേയും വിവരമറിയിച്ചു. ഇന്‍ഷൂറന്‍സ് സര്‍വേയറുടെ പരിശോധനയില്‍ 12,45,495/ രൂപയുടെ നഷ്ടം കണക്കാക്കി. എന്നാല്‍ സുരക്ഷിതമായി സൂക്ഷിച്ച വസ്തുക്കള്‍ക്കേ ഇന്‍ഷൂറന്‍സ് ആനുകൂല്യം നല്‍കാനാവൂ എന്നും തുറന്ന സ്ഥലത്തെ വസ്തുക്കള്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കാനാവില്ലെന്നും അതുപ്രകാരം 82,696/ രൂപ നല്‍കാനേ ഇന്‍ഷൂറന്‍സ് കമ്പനിക്ക് കഴിയൂ എന്നും കമ്പനി അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചത്.
വെള്ളപൊക്കത്തിന്റെ ഭാഗമായി ഇന്‍ഷൂറന്‍സ് തുകയായി 4,63,794 രൂപയും ഇന്‍ഷൂറന്‍സ് സേവനത്തില്‍ വീഴ്ച വരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരവും, 5000 രൂപ കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ഒരു മാസത്തിനകം വിധി നടപ്പാക്കണം. വീഴ്ച വന്നാല്‍ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവരടങ്ങിയ ജില്ലാ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.