ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എല്ലാ പ്രിന്റിംഗ് പ്രസ് ഉടമകളും പാലിക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ജനപ്രാതിനിധ്യനിയമം 127 എ അനുശാസിക്കുന്ന വിധത്തിൽ പ്രചാരണ സാമഗ്രികളിൽ പ്രസാധകന്റെയും പ്രസ് ഉടമയുടെയും പേരും വിലാസവും അച്ചടിച്ചിരിക്കണം. ആകെ എത്ര കോപ്പികൾ അച്ചടിച്ചു, ഈടാക്കിയ തുകയെത്ര തുടങ്ങിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ള ഫോം അപ്പന്റിക്‌സ് ബിയിൽ രേഖപ്പെടുത്തി ഒപ്പുവച്ച് അച്ചടിച്ച തീയതി മുതൽ മൂന്നുദിവസത്തിനുള്ളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.
പ്രചാരണ സാമഗ്രിയുടെയും പ്രസാധകന്റെ പ്രഖ്യാപനത്തിന്റെയും നാലുപകർപ്പുകളും ഇതിനൊപ്പം നൽകണം. നിർദേശം ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടും കൂടിയോ ഉൾപ്പെടുന്ന ശിക്ഷയോ ലഭിക്കുന്നതാണ്. ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.