ലോക്‌സഭ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായതായി   വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പത്രിക സമര്‍പ്പിച്ചവരില്‍ മൂന്ന് പേരെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അയോഗ്യരാക്കി. സി പി ഐ (എം) ഡമ്മി സ്ഥാനാര്‍ഥിയായ എസ്. ആര്‍. അരുണ്‍ബാബു, ബി ജെ പി ഡമ്മി സ്ഥാനാര്‍ഥിയായ ശശികല റാവു എന്നിവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ചതോടെ സ്വാഭാവികനടപടിക്രമപ്രകാരം പുറത്തായി. മതിയായരേഖകള്‍ സമര്‍പ്പിച്ചിട്ടല്ലെന്ന് കണ്ടെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി എം.എസ്.മനുശങ്കറിനും അയോഗ്യത കല്‍പിച്ചു. സൂക്ഷ്മ പരിശോധ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഏപ്രില്‍ എട്ട് വൈകിട്ട് മൂന്ന് വരെ നോമിനേഷന്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്. മത്സരയോഗ്യരായ 12 സ്ഥാനാര്‍ത്ഥികളാണ് നിലവിലെ പട്ടികയില്‍ ഉള്ളത്.

സി.പി.ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി)  യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്,  ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍,  ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥി പ്രേമചന്ദ്രന്‍ നായര്‍, ആര്‍. എസ്. പി. സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്‍ എന്നിവരാണ് പട്ടികയിലുള്ളതെന്നും അറിയിച്ചു.