മികച്ച പുരോഗതിയെന്ന് അറിയിച്ചു – കലക്ടര്‍


ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ സംതൃപ്തി അറിയിച്ചുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പൊതു നിരീക്ഷകന്‍ അരവിന്ദ് പാല്‍ സിംഗ് സന്ധു, ചിലവ് നിരീക്ഷകന്‍ ഡോ. എ. വെങ്കടേഷ്ബാബു, പൊലിസ്  നിരീക്ഷകനായ എച്ച്. രാംതെങ്ഗ്ലിയാന എന്നിവരോടൊപ്പം പൊതുമരാമത്ത് റസ്റ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അറിയിച്ചത്. പോളിംഗ് കേന്ദ്രങ്ങള്‍ നിരീക്ഷകര്‍ സന്ദര്‍ശിച്ചു. നിലവിലെസ്ഥിതി കണ്ടതിനുശേഷം കൂടുതലായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും നല്‍കി. വോട്ടെടുപ്പ് സുഗമമാക്കുന്നതിനുള്ള നടപടികളില്‍ കൃത്യത ഉറപ്പാക്കണമെന്നും പറഞ്ഞു.

സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ പ്രവര്‍ത്തനവും നേരില്‍കണ്ടാണ് വിലയിരുത്തിയത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നത് തടയാനുള്ള സംവിധാനം ഇടതടവില്ലാതെ പ്രവര്‍ത്തിക്കണം. കുറ്റകൃത്യങ്ങള്‍ കാലതാമസം കൂടാതെ റിപോര്‍ട്ട് ചെയ്യണം. തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഉചിതമായ ശിക്ഷാനടപടികളിലേക്ക് കടക്കണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ സുതാര്യവും സത്യസന്ധവുമായ നടത്തിപ്പിന് തടസമാകുന്ന പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി തടയണം. ക്രമസമാധാനപാലത്തിലും പ്രത്യേക ശ്രദ്ധപുലര്‍ത്തണം.  എല്ലാ പ്രവര്‍ത്തനങ്ങളും നിരന്തരനിരീക്ഷണത്തിനു വിധേയമാക്കുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കിയതായി വരണാധികാരി അറിയിച്ചു.