ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 ന് രാവിലെ 10 ന് എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിലാണ് ജില്ലയിലെ മത്സരം സംഘടിപ്പിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സര ദിവസം സ്പാർക്ക് ഹാളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം.

ഇതില്‍ വിജയിക്കുന്നവര്‍ക്കുള്ള ഫൈനല്‍ മത്സരം തിരുവനന്തപുരത്ത് നടക്കും.

രണ്ട് പേരുള്ള ഒരു ടീമായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലക്കാർക്കും ജോലി സംബന്ധമായി ഈ ജില്ലകളിൽ താമസിക്കുന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം.

ആദ്യ ഘട്ടത്തിൽ, ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 5000, 3000, 2000 രൂപ വീതം സമ്മാനമായി ലഭിക്കും. മെഗാ ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 10,000, 8000, 6000 സമ്മാനമായി ലഭിക്കും.

ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതൽ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്‌സഭാ, നിയമസഭ), ഇന്ത്യൻ -കേരളീയ രാഷ്ട്രീയത്തിലെ പ്രമുഖ സംഭവങ്ങൾ, കൗതുക വിവരങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങൾ. 1888 മുതലുള്ള നാട്ടുരാഷ്ട്രങ്ങൾ, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.