എറണാകുളം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ്
പരിശോധന നടത്തി. ചെലവ് നിരീക്ഷകൻ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസ് മീറ്റിംഗ് ഹാളിൽ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരും പ്രതിനിധികളും പങ്കെടുത്തു.

ചെലവ് നിരീക്ഷക വിഭാഗം ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന ഷാഡോ രജിസ്റ്ററുമായി സ്ഥാനാര്‍ഥികള്‍ തയ്യാറാക്കിയ ചെലവ് രജിസ്റ്റര്‍ താരതമ്യപ്പെടുത്തുന്നതിനും പൊരുത്തക്കേടുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളെ അറിയിക്കുകയും ആവശ്യമായ നടപടികള്‍ കൈകൊള്ളുകയും ചെയ്യുന്നതിനാണ് പരിശോധന നടത്തുന്നത്.

മൂന്ന് ഘട്ടമായാണ് പരിശോധന നടത്തിയത്. ആദ്യഘട്ടം പരിശോധന ഏപ്രിൽ 12ന് നടത്തി. രണ്ടാംഘട്ട പരിശോധന 18ന് നടത്തിയിരുന്നു. സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത് മുതൽ ഏപ്രിൽ 20 വരെയുള്ള കണക്കുകളാണ് മൂന്നാം ഘട്ടത്തിൽ പരിശോധിച്ചത്. പരിശോധനയിൽ ചെലവിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടെത്തിയ അഞ്ച് സ്ഥാനാർഥികൾക്ക് കണക്ക് കൃത്യമാക്കാൻ റിട്ടേണിംഗ് ഓഫീസർ നോട്ടീസ് നൽകി.

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം ഓരോ സ്ഥാനാർത്ഥിയുടെയും തിരഞ്ഞെടുപ്പ് ചെലവുകൾ ദിവസവും കണക്കാക്കുകയും അതനുസരിച്ച് ഷാഡോ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. സ്ഥാനാർത്ഥികളും ചെലവ് രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്.

ചെലവ് നിരീക്ഷക വിഭാഗം നോഡല്‍ ഓഫീസർ വി എൻ ഗായത്രി, അസിസ്റ്റന്റ് നാേഡൽ ഓഫീസർ ആർ വിനീത് എന്നിവരടങ്ങിയ സംഘം മുഖ്യ നിരീക്ഷകനൊപ്പം പരിശോധനയിൽ പങ്കെടുത്തു.