വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നിന്നായാണ് 13 മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്തത്. ഇന്നലെ (ഏപ്രില്‍ 25) രാവിലെ 8 മുതല്‍ ജില്ലയിലെ വിവിധ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ എത്തി ഇ.വി.എം- വിവിപാറ്റ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൈപ്പറ്റി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, പൊതു നിരീക്ഷക പി.പ്രശാന്തി, വിവിധ രാഷ്ട്രീയപാര്‍ട്ടി പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകള്‍ തുറന്നത്.

സാമഗ്രികളുടെ വിതരണത്തിന് പ്രത്യേകം കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ്, വോട്ടേഴ്സ് രജിസ്റ്റര്‍, വോട്ടേഴ്സ് സ്ലിപ്പ്, വോട്ടര്‍ പട്ടികകള്‍, മഷി, സീലുകള്‍, സൂചനാ ബോര്‍ഡുകള്‍, സ്റ്റേഷനറികള്‍ തുടങ്ങിയവയാണ് ഓരോ പോളിങ് ബൂത്തിലേക്കും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.

ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കിയ ശേഷം ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിച്ചു. സുരക്ഷയ്ക്കായി യാത്രാ വേളയില്‍ പൊലീസും സെക്ടറല്‍ ഓഫീസറും അനുഗമിച്ചു. പോളിങ് ഉദ്യോഗസ്ഥര്‍ക്കായി 610 വാഹനങ്ങളാണ് സജ്ജമാക്കിയിരുന്നത്.

സ്വീകരണ-വിതരണകേന്ദ്രങ്ങള്‍

ചേലക്കര- ഗവ. എച്ച്.എസ്.എസ് ചെറുത്തുരുത്തി
കുന്നംകുളം- ഗവ. ബി.എച്ച്.എസ്.എസ് വടക്കാഞ്ചേരി
ഗുരുവായൂര്‍ – എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ചാവക്കാട്
മണലൂര്‍- ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗുരുവായൂര്‍
ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, വടക്കാഞ്ചേരി- തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്
കൈപ്പമംഗലം- സെന്റ് ജോസഫ് എച്ച് എസ്, മതിലകം
ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
പുതുക്കാട്- സെന്റ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട
ചാലക്കുടി- കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലക്കുടി
കൊടുങ്ങല്ലൂര്‍- പി. ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍