ഉഷ്ണതരംഗ മുന്‍കരുതലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധവും മഴക്കാലപൂര്‍വ ശുചീകരണവും ജില്ലയില്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അതത് വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വിശദീകരിച്ചു.
വരള്‍ച്ച രൂക്ഷമായ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള വിതരണം തദ്ദേശസ്വയം ഭരണവകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവ നിര്‍വഹിക്കണം. തനത് ഫണ്ട് ലഭ്യമല്ലാത്ത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിനുളള നടപടികള്‍ക്ക് തദ്ദേശസ്വയഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ നിയോഗിച്ചു.
ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയായി ക്രമീകരിച്ചത് ജില്ലാ ലേബര്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പാക്കണം. റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
ഉഷ്ണതരംഗ ജാഗ്രതാനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മേയ് 6 വരെ സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ എന്നിവ അടച്ചിടുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്, കൊളിജിയറ്റ് എഡ്യൂക്കേഷന്‍, വനിതാ ശിശു സംരക്ഷണ വകുപ്പ് പ്രോഗ്രാം ഓഫീസര്‍ എന്നിവരാണ് ഉറപ്പാക്കേണ്ടത്.
പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 വരെ സ്‌കൂള്‍/കോളജ് എന്നിവടങ്ങളിലെ അവധികാല ക്ലാസ്സുകള്‍, എന്‍.സി.സി-പോലീസ് പരേഡുകള്‍ ഒഴിവാക്കണം. പൊതുയിടങ്ങള്‍, മാര്‍ക്കറ്റുകള്‍, മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍, സ്‌കൂള്‍/കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് അഗ്നിസുരക്ഷാസേന ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യശേഖരണകേന്ദ്രങ്ങളില്‍ തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. കാട്ടുതീക്കെതിരെ വനം വകുപ്പാണ് ജാഗ്രത പാലിക്കേണ്ടത്. കന്നുകാലികളെ ഉച്ചസമയത്ത് മേയാന്‍ വിടുന്നില്ലെന്നും ആവശ്യമെങ്കില്‍ ഇവയ്ക്കാവശ്യമായ താല്കാലിക സംരക്ഷണകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കണം. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തേണ്ടതുമാണ്.
പകല്‍ സമയത്ത് കായിക മത്സരങ്ങളും വിനോദങ്ങളും പാടില്ല. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണം. ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റ് എന്നിവ മേഞ്ഞ വാസസ്ഥലങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ പകല്‍സമയം മാറ്റി പാര്‍പ്പിക്കുന്നതിന് ലേബര്‍ – തദ്ദേശസ്വയ ഭരണവകുപ്പുകള്‍ നടപടി സ്വീകരിക്കണം. വെള്ളം ഉപയോഗിച്ച് മേല്‍കൂര തണുപ്പിക്കല്‍ പോലുളളവയും നടത്താം.
ആദിവാസി മേഖലകളിലെയും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ ധാരാളം മരങ്ങള്‍ നട്ടുവളര്‍ത്തുന്നിതും, മരങ്ങളുടെ സംരക്ഷണത്തിനുമായി വനം വകുപ്പിനെയാണ് ചുതലപ്പെടുത്തിയത്
പ്രധാന നിര്‍ച്ചാലുകളിലെയും ഓടകളിലെയും മാലിന്യങ്ങള്‍ നീക്കംചെയ്ത് മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പാണ് ഉറപ്പാക്കേണ്ടത്. ജലസേചന വകുപ്പ് പൊഴിമുഖങ്ങളില്‍ അടിഞ്ഞിട്ടുള്ള മണ്ണ് നീക്കം ചെയ്യണം. മൈനര്‍ ഇറിഗേഷന്റെ അധീനതയിലുളള കനാലുകളില്‍ നിന്നും തോടുകളില്‍ നിന്നും കുളവാഴകളും ജൈവാവശിഷ്ടങ്ങളും ജലസേചന വകുപ്പ് നീക്കം ചെയ്യണം
ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ സംയുക്തമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. ജന്തുജന്യരോഗങ്ങള്‍ പകരാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ മൃഗസംരക്ഷണ വകുപ്പാണ് സ്വീകരിക്കേണ്ടത്.
വാര്‍ഡ്തലത്തില്‍ ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണം. കൊതുക് നിവാരണത്തിനാവശ്യമായ നടപടികള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടത്തണം.
ഹരിത കേരളം, തൊഴിലുറപ്പ്പദ്ധതികള്‍ ഉപയോഗിച്ച് ജലസംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കുകയാണ്. കുളങ്ങളും തോടുകളും മറ്റ് ജലാശയങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം ശുദ്ധമാക്കും. കാലവര്‍ഷത്തിന്റെ തുടക്കത്തിലുള്ള മഴവെള്ളം പരമാവധി സംഭരിക്കുന്നതിന് ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയെ ചുമതലപ്പെടുത്തി.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ജില്ലാതല നോഡല്‍ ഓഫീസറെ നിയോഗിച്ച് പ്രവര്‍ത്തിക്കണം. അത്യാഹിത സാഹചര്യങ്ങളിലേക്കുള്ള വാഹനങ്ങള്‍, ജനറേറ്ററുകള്‍, ക്രയിനുകള്‍, മണ്ണുമാന്തികള്‍ തുടങ്ങിയവയുടെ പട്ടിക സമര്‍പിക്കാന്‍ ആര്‍. ടി. ഒ യെ ചുമതലപ്പെടുത്തി.
ദുരിതാശ്വസ ക്യാമ്പുകളായി നിശ്ചയിച്ചിട്ടുളള കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍ റവന്യൂ -തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ മുന്‍കൂര്‍ അറിയിപ്പ് നല്‌കേണ്ടതാണ്.
ഭിന്നശേഷിക്കാരുടെ പട്ടിക സാമൂഹികനീതി വകുപ്പ് ദുരന്തനിവാരണ അതോറിറ്റിയ്ക്ക് കൈമാറണം. അടിയന്തരഘട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കിയാകും പ്രവര്‍ത്തനങ്ങള്‍.
അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നടപടിയെടുക്കണം. സ്വകാര്യഭൂമിയിലുള്ളവ ഉടമസ്ഥരാണ് മുറിക്കേണ്ടത്. റോഡുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. കാല്‍നടയാത്രക്കാരുടെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി – പൊളിഞ്ഞ് കിടക്കുന്ന ഓടകളുടെ സ്ലാബുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും നിര്‍ദേശിച്ചു.
പുഴക്കടവുകളിലും ബീച്ചുകളിലും അപകടകരമായ കയം/നീര്‍ച്ചുഴിയുളള പ്രദേശങ്ങളിലും അപകട സൂചനാ ബോര്‍ഡുകള്‍ വിനോദസഞ്ചാര വകുപ്പ് സ്ഥാപിക്കണം. മലയോരമേഖലയിലെ റോഡുകള്‍ക്ക് കുറുകെ ചെറിയചാലുകളിലൂടെ മലവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനിടയുള്ളതിനാല്‍ ഇവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തരുത് , സൂചനാ ബോര്‍ഡുകളും സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. പരസ്യ ഹോര്‍ഡിങ്ങുകളുടെ സുരക്ഷ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്‌നസ് തദ്ദേശസ്വയംഭരണ പൊതുമരാമത്ത് എഞ്ചിനീയര്‍, പൊതുമരാമത്ത് വകപ്പ് എഞ്ചിനീയര്‍ എന്നിവര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. പ്രളയസമാനമായ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍-രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുമതല പൊലിസാണ് നിര്‍വഹിക്കേണ്ടത്. എല്ലാ താലൂക്കിലും അഗ്‌നിശമന സേനയുടെയോ പോലീസിന്റെയോ ടവര്‍ ലൈറ്റും സ്ഥാപിക്കണം.
ഭിത്തികള്‍ക്കുളള കേടുപാടുകള്‍ ജലസേചന വകുപ്പ് കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കണം. കല്ലട അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളെ അറിയിക്കേണ്ടത്. ഫിഷറീസ് വകുപ്പാണ്.
തുടര്‍ച്ചയായി മഴപെയ്യുന്ന ദിവസങ്ങളില്‍ ജില്ലയിലെ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം.
എല്ലാ താലൂക്കിലും അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി നിശ്ചിത അളവിലുള്ള അവശ്യഭക്ഷ്യവസ്തുക്കള്‍ കരുതണം. ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുളള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ശക്തമായ മഴക്കാലത്ത് വനത്തിനുള്ളില്‍ വസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍പട്ടിക വര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് വനം വകുപ്പ് ലഭ്യമാക്കണം. എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിച്ച് ആവശ്യമായവയില്‍ ഗതാഗതനിയന്ത്രണം ആവശ്യമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് വിവരം കൈമാറണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാകൂര്‍, എ ഡി എം സി എസ് അനില്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു