സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് പ്രകാരമുള്ള പ്രഖ്യാപനങ്ങൾ പായക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എം.ആർ.പി തിരുത്തി അധിക വില ഈടാക്കുക, ലീഗൽ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകൾ വിൽക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് കേസെടുത്തത്. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരുമെന്നും ലീഗൽ മെട്രോളജി കൺട്രോളർ വി.കെ.അബ്ദുൾ കാദർ അറിയിച്ചു. പരാതികൾ 9188918100 എന്ന മൊബൈൽ നമ്പരിലോ, “സുതാര്യം” മൊബൈൽ ആപ്ലിക്കേഷനിലോ, clm.lmd@kerala.gov.in ൽ ഇ-മെയിൽ ആയോ അറിയിക്കാം.