ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ തല ചർച്ചയിൽ യു. കെ, അസർബൈജാൻ, റഷ്യ, ഉക്രൈൻ, ജർമനി, പോളണ്ട്, ഫ്രാൻസ്, നോർവെ, അയർലണ്ട്, ഫിൻലൻഡ്, വെയ്ൽസ് തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
പ്രവാസം മലയാളിയുടെ അവകാശമാണെന്നും ലോകമെമ്പാടുമുള്ള പ്രവാസികളെ ഇരു കയ്യും നീട്ടി സ്വീകരിച്ച ചരിത്രം മലയാളികൾക്കുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ചർച്ചയിൽ പറഞ്ഞു. യൂറോപ്യൻ നഗരങ്ങളുടെ ശുചിത്വവും സങ്കേതിക അറിവും നവകേരള നിർമ്മിതിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ വ്യവസായവും വിദ്യാഭ്യാസവും യൂറോപ്പിനെ അനുകരിച്ച് ഉയർത്താൻ പ്രതിനിധികളുടെ അനുഭവങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മെഡിക്കൽ വിദ്യാഭ്യാസത്തിന് യോജ്യമായ രാജ്യമല്ല അസർബൈജാൻ, എങ്കിലും ധാരാളം മലയാളി വിദ്യാർത്ഥികൾ അവിടെ എത്തുന്നതായി അസർബൈജാൻ പ്രതിനിധി മാത്യു ഐക്കര പറഞ്ഞു. കേരളത്തിൽ കൂടുതൽ പേർക്ക് മികച്ച മെഡിക്കൽ വിദ്യാഭ്യാസത്തിന് അനുകൂല സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ജർമ്മൻ ഭാഷ നഴ്സിംഗ് വിദ്യാഭ്യാസത്തിന് ഒപ്പം പഠിപ്പിക്കുന്നത് തൊഴിൽ സാധ്യത വർദ്ധിപ്പിക്കും. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സമഗ്ര ഡാറ്റ നോർക്കയിൽ ലഭ്യമല്ലാത്തത് വെല്ലുവിളി ആയിട്ടുണ്ട്. വിദ്യാർത്ഥി, ഡൊമസ്റ്റിക് വിസകളുടെ ഡാറ്റ നോർക്കയിൽ ലഭ്യമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ നമിത പറഞ്ഞു, “കേരളത്തിൽ നിന്ന് ഗവേഷണ വിദ്യാർത്ഥികളുടെ അപേക്ഷകൾ കുറവാണ്. അക്കാദമിക് അവസരങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം. യൂറോപ്പിലെ ഗവേഷണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദഗ്ധരെ ഉൾപ്പെടുത്തി മെൻ്റർഷിപ്പ് കൺസോർഷ്യം രൂപീകരിക്കണം.”
ചർച്ചയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അധ്യക്ഷനായപ്പോൾ എം എൽ എ മാരായ ഡി. കെ. മുരളി, പി. വി. ശ്രീനിജൻ, ഇ. കെ. വിനയൻ, മുഖ്യ മന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. എസ്. കാർത്തികേയൻ ഐ. എ. എസ്., ജോയിന്റ് സെക്രട്ടറി ട്രാൻസ്പോർട്ട് എം. ഷീല എന്നിവരും പങ്കെടുത്തു.