കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന (സാഗി ) പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ മുന്‍ എംപി പ്രൊഫ. പി.ജെ കുര്യന്‍ മുഖേന സാഗി പദ്ധതിയില്‍ നാമനിര്‍ദ്ദേശം ചെയ്ത കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡവലപ്മെന്റ് പ്ലാന്‍ യോഗം അവലോകനം ചെയ്തു അംഗീകാരം നല്‍കി. പ്രൊജക്ട് ഡയറ്കടര്‍ എന്‍.ഹരി വിവിധ വകുപ്പുകള്‍ മുഖേന കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ അവലോകനം നടത്തി. പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പരിപാടിയാണ് സാഗി. ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ വിവിധ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് സാഗി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളില്‍ നടപ്പാക്കുന്നത്. ഗ്രാമീണമേഖലയിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുക, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, ഗ്രാമീണതലത്തില്‍ വരുമാനം വര്‍ധിപ്പിക്കുക, ചെലവ് കുറഞ്ഞ വീടുകളും കക്കൂസുകളും നിര്‍മിക്കുക, വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഊര്‍ജ ഉപയോഗം കുറയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് സന്‍സദ് ആദര്‍ശ് ഗ്രാമം യോജനയുടെ ഭാഗമായി ലക്ഷ്യമിടുന്ന വിവിധ പദ്ധതികള്‍. കൃഷി, മൃഗസംരക്ഷണം, പിഎംജിഎസ്വൈ, തൊഴിലുറപ്പ് പദ്ധതി, തദ്ദേശഭരണസ്ഥാപനങ്ങള്‍, ഗ്രാമവികസന വകുപ്പ്, വാട്ടര്‍ അതോറിറ്റി, കുടുംബശ്രീ മുതലായ വകുപ്പുകള്‍ മുഖേന കോട്ടാങ്ങല്‍ പഞ്ചായത്തിന്റെ സമഗ്രവികസനമാണ് സാഗിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള 17.08 കോടി രൂപയുടെ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. പദ്ധതികള്‍ 2019 മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ എഡിഎം പി.ടി എബ്രഹാം അധ്യക്ഷത വഹിച്ചു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.കെ ഷാഹിദാബീവി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.