കുടുംബശ്രീയുടെ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ ജനകീയമാക്കി കൂടുതല്‍ യുവതീ യുവാക്കള്‍ക്ക് തൊഴിലുറപ്പാക്കാനുള്ള നടപടികളുമായി കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍. പദ്ധതിയുടെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനത്തിന് അഡ്മിഷന്‍ നേടുന്നതിനുള്ള സൗകര്യം ഇനി മുതല്‍ പഞ്ചായത്ത് തലത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ലഭ്യമാകും. 18 നും 30 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി വിജയിച്ച യുവതീയുവാക്കള്‍ക്ക് സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദിഷ്ട ഫോറം പൂരിപ്പിച്ചു നല്‍കി പദ്ധതിയുടെ ഭാഗമാകാം. റീട്ടെയിങ്, അകൗണ്ടിങ്, ഫുഡ് ആന്‍ഡ് ബീവറേജസ്, ഓട്ടോ മൊബൈല്‍, മെഡിക്കല്‍ ടെക്‌നീഷ്യന്‍, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ പ്രൊഫഷണല്‍ തൊഴില്‍ രംഗങ്ങളില്‍ ജോലി ലഭിക്കുന്നതിനാവശ്യമായ നൈപുണ്യ പരിശീലനം തീര്‍ത്തും സൗജന്യമായാണ് നല്‍കുക. കൂടാതെ യാത്രബത്ത, താമസം, ഭക്ഷണം എന്നിവയും ലഭിക്കും. കോഴ്‌സുകളെക്കുറിച്ചും, പരിശീലന കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ സി.ഡി.എസ് ഓഫീസുകളില്‍ ലഭ്യമാണ്. പട്ടികജാതി-പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പഞ്ചായത്ത് തലങ്ങളില്‍ ബോധവല്‍ക്കരണം, കരിയര്‍ ഗൈഡന്‍സ്, തൊഴില്‍ മേളകള്‍, ശില്‍പശാലകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ അയ്യായരത്തില്‍പ്പരം ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.
